മലപ്പുറം: അഞ്ചുടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖിന്റെ കൊലപാതകത്തിനു പിന്നിലും സിപിഎം നേതാവ് പി. ജയരാജന്റെ പങ്ക് ആരോപിച്ച് ലീഗ് നേതാക്കള്‍. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് ജയരാജന്‍ഫെ പങ്ക് സംശയിക്കുന്നെന്നു വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ടത്. സംഭവസ്ഥലത്ത് ഒരാഴ്ച മുന്‍പ് ജയരാജന്‍ സന്ദര്‍ശനം നടത്തിയെന്നും അതിനു ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ കൊണ്ടഡൗണ്‍ തുടങ്ങിയതെന്നും ഫിറോസ്.
ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്- താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തന്‍ ഇസ്ഹാഖിനെ സി.പി.എം കൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘര്‍ഷമുണ്ടായപ്പോള്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരാഴ്ച മുമ്പാണ് പ്രദേശത്ത് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പ്രദേശത്തുള്ളവര്‍ പറയുന്നു. ഇന്ന് ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്‌സ്അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായത്.
മലപ്പുറത്തിന്റെ തീരപ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ ഇടപെടലും അന്വേഷിക്കേണ്ടതുണ്ട്. ജയരാജന്റെ സന്ദര്‍ശനവും ഈ കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണം. കൊലപാതക രാഷ്‌ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള ഏത് ശ്രമത്തെയും ജനാധിപത്യ മാര്‍ഗത്തില്‍ പാര്‍ട്ടി ചെറുത്ത് തോല്‍പ്പിക്കും.
അഞ്ചുടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് എന്ന റഫീഖ് ഇന്നലെയാണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് അഞ്ചുടി ശാഖ യൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം. നമസ്‌കാരത്തിന് പള്ളിയില്‍ പോകവെ അഞ്ചുടി മദറ്‌സക്ക് സമീപം വെച്ചാണ് ആക്രമണത്തിന് ഇരയായത്. ഓട്ടോറിക്ഷയില്‍ വന്ന ഒരുസംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. മുഖത്തും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് അപ്പോള്‍ തന്നെ ആരോപിച്ചിരുന്നു.
















