കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വിജയത്തോടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത് ഇടത് വലത് ബാന്ധവം. ഇടത് മുന്നണിക്ക് നഷ്ടമായ 4332 വോട്ടുകള്‍ ലഭിച്ചത് എം.സി കമറുദ്ദീനാണ്. മഞ്ചേശ്വരത്ത് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നും ബിജെപിയില്‍ നിന്ന് വോട്ടുകള്‍ വന്നില്ലെന്നും മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞമ്പു 42565 വോട്ട് നേടിയപ്പോള്‍, ഇത്തവണയത് 38233 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2016 മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ പി.വി. അബ്ദുള്‍ റസാഖ് 56870 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ കെ.സുരേന്ദ്രന്‍ 56787 വോട്ടാണ് നേടിയത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ ഇത്തവണ 57484 വോട്ട് നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 703 വോട്ടുകളുടെയും പാര്‍ലമെന്റെ തെരഞ്ഞെടുപ്പിനേക്കാള്‍ 380 വോട്ടുകളുടെയും വര്‍ദ്ധനവ് ഇത്തവണ നേടാന്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞു. 1987 മുതല്‍ ബിജെപി മഞ്ചേശ്വരത്ത് നിര്‍ണായക ശക്തിയാണ്. അത് മാത്രമല്ല രണ്ടാം സ്ഥാനത്തും അവരുണ്ട്. എച്ച് ശങ്കര ആല്‍വ, ചെര്‍ക്കളം അബ്ദുള്ളയ്‌ക്കെതിരെ മത്സരിച്ചപ്പോള്‍ തന്നെ കരുത്ത് തെളിയിച്ചിരുന്നു.
ആല്‍വ 27107 വോട്ടാണ് നേടിയത്. ചെര്‍ക്കളം അബ്ദുള്ള 33853 വോട്ടാണ് നേടിയത്. അടുത്ത തവണ കെ.ജി മാരാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോഴും വോട്ടുനിലയില്‍ കാര്യമായ വര്‍ധനവുണ്ടായി. 28531 വോട്ടിലേക്കാണ് ഉയര്‍ന്നത്. 1996ല്‍ വോട്ടുനില 32413 ആയി ഉയത്തി. 2011ല്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചതോടെയാണ് ഈ മണ്ഡലത്തിലെ പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയത്. 43989 വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. 2016ല്‍ ഇത് 56781 ആയിട്ടാണ് ഉയര്‍ന്നത്. ഇത്തവണ 57484 വോട്ടായി ഉയര്‍ത്താന്‍ രവീശ തന്ത്രിക്കായി.
വിജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്താമെന്ന സിപിഎമ്മിന്റെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. രണ്ടാം സ്ഥാനം നിലനിര്‍ത്തിയ എന്‍ഡിഎയെക്കാള്‍ 19251 വോട്ടിന്റെ കുറവുമായി ഇടതുമുന്നണി മുന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ടു. ഇതോടെ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ജനപിന്തുണ കുറഞ്ഞുവരികയാണെന്നത് വ്യക്തമായിരിക്കുകയാണ്. മുസ്ലീം ലീഗിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 2810 വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയുടെ അമ്പരപ്പിലാണ് ഇടത് നേതൃത്വം. ശങ്കര്‍റെ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സിപിഎം പ്രചാരണം.
















