കൊച്ചി:പാലാരിവട്ടം മേല്‍പ്പാല അഴമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. ഗൂഢാലോചനയില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് അനുമതി തേടിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കത്ത് കൈമാറിയിട്ടുണ്ട്. പാലം നിര്‍മിച്ച കരാറുകാരന് മുന്‍കൂര്‍ തുക നല്‍കിയത് സംബന്ധച്ചാണ് അന്വേഷിക്കുന്നത്. ഇക്കാര്യം വിജിലന്‍സ് ഹൈക്കോടതിയിലും അറിയിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം ഇത്തരത്തില്‍ അന്വേഷണം തുടങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് സംസ്ഥാന സര്‍ക്കാരിനോട് വിജിലന്‍സ് അനുമതി തേടിയിരിക്കുന്നത്.
കരാറുകാരന് മുന്‍കൂര്‍ തുകയായി എട്ട് കോടി അനുവദിച്ചത് ചട്ടവിരുദ്ധമായാണ്. അതില്‍ മന്ത്രി എന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞ് ഇടപെടല്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
മന്ത്രി എന്ന നിലയിലുള്ള പങ്ക് അന്വേഷിക്കാന്‍ നേരത്തെ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. പൊതുവായ അന്വേഷണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ വിജിലന്‍സ് നീങ്ങുന്നത്.
കരാറുകാരന് ചട്ടം ലംഘിച്ച് വായ്‌പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച് കരാറുകാരന് വായ്‌പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്‌പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണ്.
















