ബക്കളം: പുറമ്പോക്ക് സ്ഥലം കയ്യേറി നിര്‍മ്മിച്ച സിപിഎം ബക്കളം നോര്‍ത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് വീണ്ടും പുറമ്പോക്ക് സ്ഥലം കയ്യേറി. നിലവില്‍ റോഡിനോട് ചേര്‍ന്ന് ഇന്റര്‍ലോക്ക് പാകിയ മുറ്റവും ബാഡ്മിന്റണ്‍ കോര്‍ട്ടും നിര്‍മ്മിച്ച് മതില്‍ കെട്ടിയ നിലയിലാണ്. ഇതോടെ കെട്ടിടം ഉള്‍ക്കൊള്ളുന്ന സ്ഥലത്തിന്റെ മുക്കാല്‍ ഭാഗവും സര്‍ക്കാര്‍ ഭൂമിയിലായി.
നേരത്തെ രണ്ട് സെന്റ് ഭൂമിയൊഴിച്ച് ബാക്കിയുള്ള സ്ഥലമെല്ലാം പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചത് വിവാദമായിരുന്നു. ഈ രണ്ട് സെന്റ് ഭൂമിയാകട്ടെ സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയതും. ഇതിനു പുറമേയാണ് വീണ്ടും പുറമ്പോക്ക് ഭൂമി കയ്യേറിയിരിക്കുന്നത്. ബക്കളം പഴയ ദേശീയപാതയോട് ചേര്‍ന്ന് വിവാദമായ പാര്‍ത്ഥാസ് ഓഡിറ്റോറിയത്തിന്റെ അമ്പതു മീറ്ററോളം അകലെയായിട്ടാണ് സിപിഎം ഓഫീസ് കെട്ടിടം. രാത്രിയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. റോഡിനു ഏതാനും മീറ്റര്‍ മാറിയാണ് കോര്‍ട്ടിനായി ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെയായി ആന്തൂര്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുറമ്പോക്കില്‍ നിര്‍മ്മിച്ച മൂന്നു നിലകളിലായി കടമുറി ഉള്‍പ്പെടെയുള്ള ഓഫീസ് കെട്ടിടത്തിന് അനുമതിയും കെട്ടിട നമ്പര്‍ നല്‍കിയതും വിവാദമായിരുന്നു. ഏകദേശം രണ്ടു വര്‍ഷമായി പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നേരത്തെ സംഘാടക സമിതി ചേര്‍ന്ന് തീരുമാനിച്ച് നോട്ടീസ് വരെ വിതരണം നടത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ല.
പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത ഘട്ടത്തില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായിരുന്നു. സാജന്റെ സഹായത്തോടെയാണ് അന്ന് കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റു കൊണ്ടുള്ള മേല്‍ക്കൂര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിട നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പുറമ്പോക്ക് ഭൂമിയാണെന്ന് വിമര്‍ശനമുണ്ടായിരുന്നെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് മൂടി വെക്കുകയായിരുന്നു. ആന്തൂര്‍ നഗരസഭയുടെ കീഴിലായതിനാല്‍ മറ്റ് അനുമതിയും വേഗത്തില്‍ നേടിയെടുത്തു. കെട്ടിടത്തിന് പെര്‍മിറ്റും ലൈസന്‍സും നല്‍കിയതുപോലും യാതൊരു മാനദണ്ഡവും പാലിക്കാതെയായിരുന്നു.
















