മറയൂര്‍: ആംബുലന്‍സില്‍ രോഗിയുമായി പോകുന്നുവെന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 500 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കോയമ്പത്തൂര്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്‌പിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് സംസ്ഥാന അതിര്‍ത്തിയില്‍ ഉദുമലപേട്ടക്ക് സമീപം ശങ്കലിനാടാന്‍ വീഥിയില്‍ വച്ചാണ് പിടികൂടിയത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉദുമലപേട്ട സ്വദേശി കറുപ്പ്‌സ്വാമി (22) യെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്‍പ്പെട്ടതിനാല്‍ പിടികൂടിയ ഡ്രൈവറെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.
ആന്ധ്രയില്‍ നിന്നും ടെംബോ ട്രാവലര്‍ വാഹനത്തില്‍ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നതായാണ് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ കഞ്ചാവ് മാഫിയ നിശ്ചയിച്ചിരുന്ന വഴി ഉപേക്ഷിച്ച് ചിന്നാര്‍ മറയൂര്‍ വഴി കേരളത്തിലേക്ക് കടത്തുന്നതിനായി ആംബുലന്‍സിലേക്ക് മാറ്റി കയറ്റി വരുമ്പോഴാണ് പിടികൂടിയത്.
മറയൂര്‍ മേലാടി സ്വദേശിയും കോയമ്പത്തൂര്‍ നര്‍ക്കോട്ടിക്ക് ഇന്റലിജന്‍സ് ബ്യൂറോ ഡിവൈഎസ് പിയുമായ ആര്‍. വിന്‍സന്റ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരവണന്‍, സബ് ഇന്‍സ്‌പെക്ടര്‍മ്മാരായ രവിചന്ദ്രന്‍, ശരവണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
















