തിരുവനന്തപുരം: കൊളോണിയല്‍ ചരിത്രത്തിന്റെ സ്മാരകമായ വി.ജെ.ടി. ഹാളിന്റെ പേര് മഹാത്മ അയ്യന്‍കാളിയുടെ പേരിലേക്കു മാറ്റി . കവാടത്തില്‍ വിജെടി ഹാള്‍ എന്ന പേര് അയ്യന്‍കാളി ഹാള്‍ എന്നാക്കി ബോര്‍ഡു വെച്ചു.
ഇംഗ്ളണ്ടിലെ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്‌ക്കാണ് വിക്ടോറിയ ജൂബിലി ടൗണ്‍ഹാള്‍ നിര്‍മിച്ചത്.തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാളിന്റെ കാലഘട്ടത്തിലാണ് വി.ജെ.ടി. ഹാള്‍ നിര്‍മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ അമ്പതാം വര്‍ഷത്തോടനുബന്ധിച്ചാണ് കെട്ടിടനിര്‍മാണം തുടങ്ങിയതെങ്കിലും വര്‍ഷങ്ങള്‍കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. യൂറോപ്യന്‍ ശൈലിയിലാണ് കെട്ടിടം നിര്‍മിച്ചത്. 1896ല്‍ കെട്ടിടംപണി പൂര്‍ത്തിയാക്കി. തിരുവിതാംകൂറിലെ ജനകീയ സഭയുടെ ആദ്യ വേദിയായിരുന്നു വി.ജെ.ടി. ഹാള്‍. ഇവിടെയാണ് അധഃസ്ഥിതര്‍ക്കു വേണ്ടിയുള്ള അയ്യന്‍കാളിയുടെ വാക്കുകള്‍ ഉയര്‍ന്നത്. താഴ്ന്നജാതിക്കാരുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു വിജയം സമ്മാനിച്ചത് ശ്രീമൂലം സഭയിലെ അയ്യന്‍കാളിയുടെ വാദങ്ങളായിരുന്നു. ഹാളിന് വി കെ കൃഷ്ണമേനോന്റെ പേര് നല്‍കണമെന്നായിരുന്നു സിപിഎം നിലപാട്. അയ്യങ്കാളിയുടെ പേരിടണമെന്ന ആവശ്യപ്പെട്ടത് ഹിന്ദു ഐക്യവേദിയാണ്. ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
















