പത്തനംതിട്ട: ഇടത് വലത് മുന്നണികളില്‍ നിന്ന് വോട്ട് ഒഴുകിയെത്തുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍. കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടാത്തവരാണ്. ഇടത് മുന്നണിയില്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ സ്ഥാനാര്‍ത്ഥിയെ ജില്ലാ സെക്രട്ടറിയറ്റ് അംഗീകരിച്ചതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കാത്ത ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സമൂഹത്തിലെ എല്ലാ വീഭാഗത്തിന്റെയും വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ നേടും. കാലങ്ങളായി മതന്യൂന പക്ഷങ്ങളില്‍ നിന്നും ബിജെപിയെ അകറ്റി നിര്‍ത്താന്‍ ഇരുമുന്നണികളും ആസൂത്രിതമായി ശ്രമിക്കുന്നു. എന്നാല്‍ ഇത്തവണ എന്‍ഡിഎയെ പിന്തുണയ്‌ക്കാന്‍ പ്രബലമായ ക്രിസ്ത്യന്‍ വിഭാഗം ശക്തമായി രംഗത്തുണ്ട്. ഒരു പൊളിച്ചെഴുത്തിന് കോന്നിയില്‍ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനു കോന്നി മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള സ്വീകാര്യതയാണ് ഈ വോട്ടെടുപ്പിലെ പ്രധാന ഘടകം.
ശബരിമല വിശ്വാസ സംരക്ഷണത്തിനുവേണ്ടി ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സുരേന്ദ്രന്‍. എല്ലാ മതവിഭാഗങ്ങളിലുംപെട്ട വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 22,000 വോട്ടുകളുടെയും എല്‍ഡിഎഫിന് 6000 വോട്ടുകളുടെയും കുറവുണ്ടായി. ബിജെപിക്കു മാത്രമാണ വോട്ട് വര്‍ധിച്ചത്. 22 ശതമാനമാണ് ബിജെപിക്ക് ലഭിച്ച വോട്ട് വര്‍ധന. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്റിന് നിയമനിര്‍മ്മാണം സാധ്യമല്ല. കേസില്‍ അന്തിമവിധി വരുമ്പോള്‍ വിശ്വാസസമൂഹത്തിന് എതിരാണെങ്കില്‍ നിയമനിര്‍മ്മാണം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഷാജി ആര്‍ നായര്‍ പറഞ്ഞു.
കോന്നിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരുന്നതിനെ എതിര്‍ത്ത ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജെന്ന് എല്‍ഡിഎഫ് നേതാവ് കെ. അനന്തഗോപന്‍ പറഞ്ഞു. എന്നാല്‍ ക്രിമിനല്‍ സംഘത്തെ നിയോഗിച്ച് കോന്നിയിലെ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതായും 10,238 ഇരട്ടവോട്ടുകള്‍ യുഡിഎഫ് സംഘം കണ്ടെത്തിക്കഴിഞ്ഞതായും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം മോഡറേറ്ററായിരുന്നു.
















