കോന്നി: കലഞ്ഞൂര്‍ പഞ്ചായത്തിലെ മാങ്കോട് ഒരുക്കിയ സ്വീകരണത്തിനായി കെ. സുരേന്ദ്രന് എത്തിയത് രണ്ടു മണിക്കൂര്‍ വൈകിയാണ്. മാങ്കോട് മുരളീസദനത്തില്‍ രമേശന് നായര്‍, രജിത ദമ്പതികളുടെ മകന് അജീഷ് കുമാര്‍, സുരേന്ദ്രനെ സ്വീകരിക്കാന്‍ ആദ്യം തന്നെ എത്തിയവരില്‍ ഒരാളാണ്. ജന്മനാ ഭിന്നശേഷിക്കാരനായ അജീഷിന്റെ വലിയ ആഗ്രഹമായിരുന്നു സുരേന്ദ്രനെ അടുത്തു കാണുക എന്നത്. സ്റ്റേജിനടുത്തു ഇടതു ഭാഗത്തു പിന്‍വശം പറ്റി ഒരു കസേരയില്‍ അജീഷ് കാത്തിരുന്നു. സ്വീകരണ പരിപാടിക്ക് ഏറെ ജന പങ്കാളിത്തവും ഉണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥിയെ പൊതിഞ്ഞു ജനങ്ങള്‍ നിന്നു. സ്വീകരണങ്ങളെല്ലാം ഏറ്റു വാങ്ങി സുരേന്ദ്രന് സ്റ്റേജില്‍ കയറി സ്വീകരണത്തിന് നന്ദി പറയാന്‍ തുടങ്ങിയപ്പോഴാണ് അജീഷിനെ ശ്രദ്ധിച്ചത്. എല്ലാം നിര്‍ത്തിവച്ച് മൈക്കുപേക്ഷിച്ചു സുരേന്ദ്രന് നേരെ അജീഷിനടുത്തേക്കു പോയി. അജീഷ് ഒരു ഷാള്‍ സുരേന്ദ്രനെ അണിയിച്ചു. സുരേന്ദ്രന് തല താഴ്ത്തി അജീഷിനോട് ഇത്തിരി നേരം സംസാരിച്ചു. പിന്നെ തന്റെ തോളില്‍ കിടന്ന ഷാള്‍ അണിയിച്ച് ആശ്ലേഷിച്ചു. തിരിച്ചു വേദിയിലേക്ക് കയറുമ്പോള്‍ സുരേന്ദ്രന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
















