കോന്നി: സുരേന്ദ്രന്റെ പ്രചരണത്തിന് താരത്തിളക്കവുമായി അഭിനയ ലോകവും. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കും, സിനിമാ സംവിധായകന്‍ രാജസേനനും പിന്നാലെ പ്രചാരണത്തിന് സീരിയല്‍ താരങ്ങളും. ഇന്നലെ മണ്ഡലത്തിലുടനീളം വോട്ടഭ്യര്‍ത്ഥിച്ച് ഓടിനടന്നത് സിനിമാ-സീരിയല്‍ രംഗത്തെ നിരവധി താരങ്ങളാണ്.
പ്രശസ്ത നടന്‍മാരായ എം.ആര്‍. ഗോപകുമാര്‍, കൃഷ്ണപ്രസാദ് തുടങ്ങിയ സീനിയര്‍ താരങ്ങളോടൊപ്പം യുവതാരങ്ങളും പ്രചരണത്തിനായെത്തി. നിരവധി സീരിയലുകളിലൂടെ കേരളക്കരയുടെ മനംകവര്‍ന്ന നടീനടന്മാരായ നിധിന്‍ ജെ ജോസഫ്, ലത ശങ്കര്‍ രാജു തുടങ്ങിയവരും വോട്ടര്‍മാരെ നേരില്‍ കണ്ട് എന്‍ഡിഎ പ്രസ്താവന വിതരണം ചെയ്യുകയും വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. കോന്നി പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനത്തിന് അട്ടച്ചാക്കല്‍ ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സിനിമാ താരങ്ങള്‍ സുരേന്ദ്രന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് സംസാരിച്ചു.
താരങ്ങള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥി വേദിയിലേക്ക് കടന്നു വന്നത്. വന്‍ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ സുരേന്ദ്രനെ താരങ്ങള്‍ക്കൊപ്പം വരവേറ്റത്. ആവേശോജ്വലമായ സ്വീകരണത്തിന് സുരേന്ദ്രന്‍ നന്ദി പറയുകയും ഒപ്പം വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി.എ. സൂരജ്, അഡ്വ. അരുണ്‍ പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
















