ഏതൊരു രാജ്യത്തിന്റേയും വികസനത്തെ നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളില്‍ ഒന്നാണ് ആ രാജ്യം ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തില്‍ എത്രത്തോളം വിജയിച്ചു എന്നത്. അവികസിത, വികസ്വരരാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്നതും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് മൂന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ച പരീക്ഷണാത്മക സമീപനത്തിനാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്ര നൊബേല്‍പുരസ്കാരം. അഭിജിത് വിനായക് ബാനര്‍ജി, ഭാര്യ എസ്തേര്‍ ദഫ്ലോ, മൈക്കേല്‍ ക്രമര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ഇന്ത്യക്കും ഇത് അഭിമാനനിമിഷമാണ്. നൊബേല്‍ നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി. അമര്‍ത്യാസെന്നാണ് ഇതിനുമുമ്പ് സാമ്പത്തിക നൊബേല്‍ നേടിയ ഇന്ത്യാക്കാരന്. സാമ്പത്തികശാസ്ത്രത്തില്‍ നൊബേല്‍ നേടുന്ന രണ്ടാമത്തെ വനിതയാണ് എസ്തേര്‍. എലിനര്‍ ഒസ്ട്രോം (2009) ആണ് മുന്‍ഗാമി.
വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി ദാരിദ്ര്യനിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിനുവേണ്ടി പ്രയത്നിക്കുന്നവരാണ് മൂവരും. അഭിജിത്തിന്റേയും എസ്തേറിന്റേയും സംഘം ഇന്ത്യയിലും ക്രമറും സംഘവും കെനിയയിലുമായിട്ടായിരുന്നു പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
2003ല്‍ ആണ് ദാരിദ്ര്യനിര്‍മാര്‍ജ്ജന നയങ്ങള്‍ രൂപീകരിക്കുന്നതിനായി അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചത്. എസ്തേര്‍, സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരും ആ ഉദ്യമത്തില്‍ ഭാഗമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ദാരിദ്ര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന വിഷയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിവരുന്നത്.
ദാരിദ്ര്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍ വേര്‍തിരിച്ചുകൊണ്ട് പരിഹാരം കാണുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. അടിസ്ഥാനപ്രശ്നങ്ങള്‍ കണ്ടെത്തിയാവണം പരിഹാരം. എങ്കില്‍ മാത്രമേ വികസനവും യാഥാര്‍ത്ഥ്യമാകൂ എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. അത് ശരിയാണെന്ന് തെളിയിക്കാനും അവര്‍ക്ക് സാധിച്ചു. ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്ന നിരവധി രാജ്യങ്ങളില്‍, ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായി അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിലും അവര്‍ നേട്ടം കൈവരിച്ചു.
ദരിദ്രര്‍ എന്നും ദരിദ്രരായി തുടരേണ്ട സാഹചര്യം ഇല്ലാതാക്കുക എന്നതിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളിലും സ്വാധീനം ചെലുത്താന്‍ ഇവര്‍ക്ക് സാധിച്ചു.
വികസ്വരരാജ്യങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ശിശുമരണനിരക്കും ആരോഗ്യവും. സ്ത്രീ ശാക്തീകരണമാണ,് കുട്ടികളുടെ ആരോഗ്യവും ശിശുമരണനിരക്ക് കുറയ്ക്കുന്നതിനുമുള്ള പ്രധാനമാര്‍ഗ്ഗമെന്ന് അവര്‍ കണ്ടെത്തി. നിരവധിഘടകങ്ങള്‍ പരിശോധിച്ച് പരീക്ഷിച്ചശേഷമായിരുന്നു ഈ നിഗമനം. ഇത്തരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെയുള്ള മേഖലകളില്‍ പരീക്ഷണാത്മക സമീപനമാണ് മൂവരും സ്വീകരിച്ചത്.
ഇന്ത്യയെക്കുറിച്ചും രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അഭിജിത്തിനുള്ള അറിവും ഗവേഷണത്തില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എപ്രകാരം വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താം എന്നതിന് അഭിജിത് മുന്നോട്ടുവച്ച പരിഹാരമാര്‍ഗ്ഗം പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രൈവറ്റ് ട്യൂട്ടര്‍മാരെ ഏര്‍പ്പെടുത്തുക എന്നതാണ്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷം കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നുമാണ് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി നടത്തിയ നിരീക്ഷണം. ലോകത്ത് 70 കോടി അതി ദരിദ്രരുണ്ടെന്നാണ് കണക്ക്. ദാരിദ്ര്യം കാരണം അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാതെ സ്കൂള്‍വിടുന്ന കുട്ടികളും അനേകമുണ്ട്. അടിസ്ഥാനതലത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹാരം കാണേണ്ടതുണ്ടെന്ന നിര്‍ദ്ദേശമാണ് അഭിജിത്തും എസ്തേറും ക്രമറും മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യത്തിനെതിരെയുള്ള തങ്ങളുടെ പോരാട്ടെമെന്നാണ് എസ്തേര്‍ ദഫ്ളോ പറയുന്നത്.
മാസച്യൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) പ്രഫസര്‍മാരാണ് അഭിജിത്തും എസ്തേറും. ഹാര്‍വഡ് സര്‍വ്വകലാശാല പ്രൊഫസറാണ് മൈക്കേല്‍ ക്രമര്‍. 1961ല്‍ കൊല്‍ക്കത്തയിലാണ് അഭിജിത്തിന്റെ ജനനം. കൊല്‍ക്കത്തയിലെ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സോഷ്യല്‍ സയന്‍സില്‍ ഇക്കണോമിക് വിഭാഗം പ്രൊഫസര്‍ ആയിരുന്ന നിര്‍മല ബാനര്‍ജിയുടേയും കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന ദീപക് ബാനര്‍ജിയുടേയും മകനായ അഭിജിത് സഞ്ചരിച്ചതും മാതാപിതാക്കളുടെ വഴിതന്നെ. 1981ല്‍ പ്രസിഡന്‍സി കോളേജില്‍നിന്നും ഇക്കണോമിക്സില്‍ ബിരുദം നേടി. 1983ല്‍ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദവും. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് ധനതത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. ജെഎന്‍യുവില്‍ പഠിക്കുന്ന കാലത്ത് വൈസ് ചാന്‍സലറെ ഖരാവോ ചെയ്തതിന് 10 ദിവസം തിഹാര്‍ ജയിലില്‍ തടവ് ശിക്ഷയ്ക്ക് വിധേയനായ ചരിത്രവും അഭിജിത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: