കേരളത്തില്‍ ഒരു സ്വകാര്യസ്ഥാപനവും തുടങ്ങുന്നതും തുടരുന്നതും വികസിക്കുന്നതും അംഗീകരിക്കില്ല. അതാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത തീരുമാനം. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ അവരെന്തും ചെയ്യും. ആന്തൂരിലെ യുവസംരംഭകന്റെ ആത്മഹത്യ അതിന്റെ ഉദാഹരണമാണ്. പണ്ട് ട്രാക്ടറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കൊയ്ത്തുയന്ത്രങ്ങള്ക്കും എതിരെ സന്ധിയില്ലാത്ത സമരം നടത്തിയ പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകളെ ആശ്രയിക്കുന്ന കക്ഷിയേതെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം സിപിഎം എന്നാകും.
അത് വിട്ടുകളയാം. ഏറ്റവും ഒടുവില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തെ മുട്ടുകുത്തിക്കാന്‍ ജീവന്മരണപോരാട്ടം തുടങ്ങി. ഒന്നുകില്‍ മുത്തൂറ്റ് അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി. ആ നിലയ്ക്കാണ് സമരമെന്ന് ജനങ്ങള്‍ ധരിച്ചുവശായി. 51 ദിവസം സിഐടിയുവിനെ രംഗത്തിറക്കി സമരം കൊഴുപ്പിച്ചു. ഐക്യധാര്ഢ്യജാഥയും പിന്തുണ ധര്‍ണയുമൊക്കെ സമരം കൊഴുപ്പിക്കാന്‍ നടത്തി. വര്‍ഗ്ഗ-ബഹുജനസംഘടനകളെയെല്ലാം രംഗത്തിറക്കി. തൊഴില്‍മന്ത്രി പലതവണ യോഗംവിളിച്ചെങ്കിലും കിം ഫലം. അവസാനം ബോര്‍ഡും കൊടിയുംമടക്കി നേതാക്കളോടി. എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് മുഷ്ടിചുരുട്ടിയ അണികള്‍ നിരാശരായി.
തൊഴില്‍ സംസ്കാരമോ സംഘടനാമര്യാദയോ പാലിക്കാതെയായിരുന്നു പല ദിവസങ്ങളിലും സമരം. സമരം ചെയ്യുന്നത് തൊഴിലാളികളുടെ അവകാശമാണ്. അതുപോലെ തൊഴിലാളികള്‍ക്ക് സമരം ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. സമരം ചെയ്യാതെ ജോലിക്കെത്തിയ ജീവനക്കാരെ തടയാനും കയ്യേറ്റംചെയ്യാനും ശ്രമിച്ചത് ദൃശ്യമാധ്യമങ്ങളിലൂടെ ദിവസങ്ങളോളം കണ്ടു. ബദല്പൂട്ടിട്ട് ബ്രാഞ്ചുകള്‍ പൂട്ടി. തൊഴിലാളികളുടെ കഞ്ഞിയില്‍ മണ്ണിടുന്ന വര്ഗ്ഗസമരംകണ്ട് ജനം മൂക്കത്ത് വിരല്‍വച്ചു.
തൊഴില്‍ നിയമങ്ങള്‍ മുത്തൂറ്റ് ലംഘിക്കുന്നുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ നിയമമുണ്ട്. നിയമം നടപ്പാക്കേണ്ടത് സര്‍ക്കാരാണ്. കേരളത്തില്‍ നിലവിലുള്ളത് സിപിഎം നയിക്കുന്ന സര്‍ക്കാരാണ്. തൊഴില്‍ മന്ത്രിയാകട്ടെ സിപിഎംനേതാവ് രാമകൃഷ്ണനും. എന്താണാവോ നിയമം നിയമത്തിന്റെ വഴിയെ പോകാതെ തൊഴിലാളികളെ സമരത്തിനിറക്കാന്‍ പ്രേരിപ്പിച്ചത്? സംശയം പലതാണ്.
മുത്തൂറ്റ് എന്ന ബിസിനസ്സ് സ്ഥാപനത്തിന് 800 വര്‍ഷത്തെ പഴക്കമുണ്ട്. 19 തലമുറകളുടെ ചരിത്രവും ആ സ്ഥാപനത്തിനുണ്ട്. 35,000 പേര്‍ക്ക് തൊഴില്‍ നല്കുന്ന സ്ഥാപനത്തില്‍ അഞ്ചുശതമാനം പേരുടെപോലും പിന്‍ബലമില്ലാത്ത സിഐടിയു എന്ന സംഘടന സമരത്തിന് തുനിഞ്ഞെങ്കില് അത് ജീവനക്കാരുടെ അവകാശത്തിനാണെന്ന് പറയാനൊക്കില്ല. പതിനായിരക്കണക്കിന് കോടിരൂപ പ്രതിദിനം മാറിമറിഞ്ഞ് ബിസിനസ്സ് നടത്തുന്ന സ്ഥാപനത്തെ പിഴിയാനൊരു മാര്‍ഗ്ഗം എന്ന് ആരോപിച്ചു. അത് സമരമായി അവതരിച്ചു. എത്രയോ അവതാരങ്ങളെ കണ്ടും കണ്ണടച്ചും വളര്‍ന്ന സ്ഥാപനമുണ്ടോ ഓലപ്പാമ്പിന് മുന്നില്‍ കീഴടങ്ങുന്നു? മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ടുതവണകളായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിഞ്ഞു. പിന്നീട് ഹൈക്കോടതി ഇടപെട്ട് നടത്തിയ ചില തീരുമാനപ്രകാരം സമരം പിന്‍വലിച്ച് ഓടേണ്ട അവസ്ഥയാണ് സമരക്കാര്ക്കുണ്ടായത്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റിന് 4,500 ശാഖകളാണുള്ളത്. അതില്‍ സമരം നടന്നത് 300ഓളം ബ്രാഞ്ചുകളിലാണ്. അത് അടച്ചുപൂട്ടുന്ന അവസ്ഥയോളമെത്തി. ആയിരക്കണക്കിന് ഇടപാടുകാരും ജീവനക്കാരും കഷ്ടപ്പെടുമോ എന്ന സ്ഥിതിപോലും വന്നു. ആശങ്ക നിറഞ്ഞ സാഹചര്യത്തിലാണ് സമരം മതിയാക്കി യൂണിയന് പിന്മാറിയത്. ചിലരുടെ സ്വാര്‍ത്ഥ താല്പര്യത്തിനുവേണ്ടി സ്ഥാപനങ്ങളെ തകര്‍ക്കുകയും സംസ്ഥാനത്തെ തകര്‍ക്കുകയും ചീത്തപ്പേരിലെത്തിക്കുകയും ചെയ്യുന്ന രീതി ഉപേക്ഷിച്ചത് നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: