വട്ടിയൂര്‍ക്കാവ്: ഉപതെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം എന്‍ഡിഎയും യുഡിഎഫും തമ്മിലാണെന്നും അതുകൊണ്ടു തന്നെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന എല്‍ഡിഎഫ് എത്ര വോട്ട് മറിച്ചാലും യുഡിഎഫിനെ ജയിപ്പിക്കാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന സമിതി അംഗം എ.പി. അബ്ദുള്ളക്കുട്ടി. കുടപ്പനക്കുന്നിലെ നന്മാനഗറില്‍ സംഘടിപ്പിച്ച കുടുംബയോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് മറിക്കത്തക്കവണ്ണമുള്ള വോട്ട് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനില്ല. ഇടതുഭരണം തലസ്ഥാനത്തെ വികസനത്തില്‍ ഏറെ പിന്നിലാക്കി. ഇടുങ്ങിയ ദേശീയപാതയും കുണ്ടുംകുഴിയും നിറഞ്ഞ റോഡുകളും മാത്രമാണ് തലസ്ഥാനത്തുള്ളത്. 1200 കോടിയുടെ സ്മാര്‍ട്ട് സിറ്റി മേയറിന്റെയും കൂട്ടരുടെയും കഴിവുകേടു കൊണ്ടാണ് പാഴായത്.
ആറു വരി ദേശീയ പാതയ്‌ക്ക് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി 36,000 കോടിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു നടപ്പിലാക്കാനുള്ള ത്രാണി സംസ്ഥാനം ഭരിക്കുന്ന പിണറായിക്കില്ലാതെ പോയി. കേരളത്തില്‍ വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതായുണ്ട്. അതുകൊണ്ട് നവകേരള സൃഷ്ടിക്ക് വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബിജെപി എന്ന ഇരുമുന്നണികളുടെയും പ്രചാരണം പൊള്ളത്തരമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൈസ്തവ എംഎല്‍എമാര്‍ ബിജെപി ടിക്കറ്റിലാണ് ജയിച്ചത്. 32 എംഎല്‍എമാരാണ് ബിജെപിക്കൊപ്പം ഉള്ളത്.
മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലും തെറ്റിധാരണ മാറിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ശരി ദൂരത്തിലേക്കുള്ള അകലം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ വൈസ് പ്രസിഡന്റ് തോട്ടയ്‌ക്കാട് ശശി, ജില്ലാ സെക്രട്ടറി എം. ബാലമുരളി എന്നിവര്‍ സംസാരിച്ചു.
ചെട്ടിവിളാകത്തെ കുടുംബയോഗവും അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്നലെ രണ്ടിടങ്ങളിലാണ് കുടുംബയോഗത്തില്‍ പങ്കെടുത്തത്. കുടുംബയോഗങ്ങള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. ഇന്നലെ കേശവദാസപുരത്തും കുടപ്പനക്കുന്നിലുമായി നൂറോളം വീടുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന് വേണ്ടി അബ്ദുള്ളക്കുട്ടി വോട്ട് അഭ്യര്‍ത്ഥിച്ചു.
















