കോന്നി: മണ്‍പിലാവ് ദേവീക്ഷേത്രത്തില്‍ നിന്ന് വയ്യാറ്റുപുഴ സമതല ഭൂമിയിലേക്കെത്തിയാല്‍ സമീപത്താണ് ദേവകി അമ്മയുടെ മാടക്കട. ഒരു തനി നാട്ടിന്‍പുറത്തെ മാടക്കട. തടിയില്‍ തീര്‍ത്ത ഇരിക്ക പലകയ്‌ക്ക് പിന്നില്‍ മാടത്തിനുള്ളില്‍ കുറച്ച് സാധനങ്ങള്‍ ശേഖരിച്ചിരിക്കുന്നു. പഴയ ഓടുമേഞ്ഞ മേല്‍ക്കൂര.
മുന്‍വശത്ത് അങ്ങിങ്ങായി ചുണ്ണാമ്പ് തേച്ച തട്ടില്‍ തേന്‍ മിഠായി ഭരണികള്‍ അടുക്കി വച്ചിരിക്കുന്നു. വില്ലൂന്നിപ്പാറയിലെ ഊഷ്മള സ്വീകരണമേറ്റു വാങ്ങി സുരേന്ദ്രന്‍ വയ്യാറ്റുപുഴയിലേക്കിറങ്ങി വരുമ്പോള്‍ ദേവകി അമ്മയുടെ മാടക്കട കണ്ടു. സുരേന്ദ്രനെ കണ്ടപാടെ ദേവകിയമ്മ എഴുന്നേറ്റ് നിന്ന് കൈ വീശി. ഇത് കണ്ട സുരേന്ദ്രന്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ആ അമ്മയോടൊപ്പം കൂടി. ഉപ്പിട്ട സോഡാ നാരങ്ങാ അമ്മ സ്‌നേഹത്തോടെ തയ്യാറാക്കി കൊടുത്തു. സുരേന്ദ്രന്‍ അതു സന്തോഷത്തോടെ കുടിച്ചു. എതാണ്ട് 10 മിനിറ്റ് ആ അമ്മയോടൊപ്പം ചിലവഴിക്കാനും സമയം മാറ്റിവച്ചു.
പുലയന്‍ പാറ, തടത്തില്‍ വീട്ടില്‍ 80 വയസ്സുള്ള ദേവകിയമ്മ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടോ എന്ന കെഎസിന്റെ ചോദ്യത്തിന് ഒന്നും വേണ്ട മോന്‍ ജയിച്ചു വരുന്നത് കാണണം എന്നു മാത്രം ദേവകിയമ്മ പറഞ്ഞു. മോദിയെ ഇഷ്ടമാണ്. അതുപോലൊരാള്‍ കേരളത്തിലും വരണം. മോനോട് എല്ലാവര്‍ക്കും ഒരിഷ്ടമുണ്ട്. ഈ മാടക്കടയിലിരുന്ന് കോണ്‍ഗ്രസ്സ്കാരും കമ്മ്യൂണിസ്റ്റുകാരും ഒക്കെ പറേന്നത് ഞാന്‍ കേക്കുന്നതാ. ജയിക്കും. ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ടല്ലോ… ആ മാതാവ് പറഞ്ഞു നിര്‍ത്തി.
ചിറ്റാര്‍ പഞ്ചായത്തിലെ കോളനികളും വനവാസികളും താമസിക്കുന്ന പ്രദേശങ്ങളായിരുന്നു സുരേന്ദ്രന്‍ പ്രചരണത്തിനായി ഇന്നലെ രാവിലെ തെരഞ്ഞെടുത്തത്. ആവേശകരമായ സ്വീകരണമാണ് ദളിത്, വനവാസി സമൂഹവും, മലയോര കര്‍ഷകരും സുരേന്ദ്രന് നല്‍കിയത്.
















