കൊച്ചി: പതിനേഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ മുത്തൂറ്റ് ഫിനാന്‍സിലെ സമരം പൊളിഞ്ഞതില്‍ ജീവനക്കാരില്‍ കടുത്ത അതൃപ്തി. മാനേജ്‌മെന്റുമായി യൂണിയന്‍ നേതാക്കളും സര്‍ക്കാരും ഒത്തുകളിച്ചെന്നും സമരം അവസാനിപ്പിച്ച് സിഐടിയു യൂണിയന്‍ തലയൂരുകയായിരുന്നുവെന്നുമാണ് അവരുടെ പരാതി.
വ്യാഴാഴ്ച ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എട്ട് ജീവനക്കാരെ തിരിച്ചെടുക്കാനുള്ളതാണ് വ്യക്തമായ ഒരു തീരുമാനം. താല്‍ക്കാലികമായി 500 രൂപ ശമ്പള വര്‍ധനയാണ് മറ്റൊന്ന്. എന്നാല്‍ ശമ്പളപരിഷ്‌കരണം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നല്ലാതെ കൃത്യമായ ഒരുറപ്പുമില്ല. 39 ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. പക്ഷെ അവര്‍ക്കെതിരായ അച്ചടക്ക നടപടി തുടരും. ഇതിനര്‍ഥം അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടി എടുക്കുമെന്നു തന്നെയാണ്.
ശമ്പള ചര്‍ച്ച എന്നു തുടങ്ങും, എത്ര വര്‍ധന വരുത്തും തുടങ്ങിയ കാര്യങ്ങളില്‍ ഒരു വ്യക്തതയുമില്ല. 500 രൂപയ്‌ക്കാണോ 52 ദിവസം സമരം ചെയ്തതെന്നാണ് ജീവനക്കാരുടെ ചോദ്യം. മിനിമം വേജ് 18,000 രൂപയാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇത് നടപ്പാക്കുമോയെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടില്ല. ശമ്പള വര്‍ധന ഉടന്‍ നടപ്പാക്കുക, സ്ഥലം മാറ്റത്തിന് നയം ഉണ്ടാക്കുക, അലവന്‍സുകള്‍ പുതുക്കുക, ഇന്‍സെന്റീവ് വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, പ്രൊമോഷന്‍ നടപടി പുനരാരംഭിക്കുക, അവധിപ്പട്ടിക പ്രസിദ്ധീകരിക്കുക, ജോലി സമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്തുക, പിഎഫ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ ധാരണയായിട്ടില്ല. ഇതെന്തു ചര്‍ച്ചയെന്നാണ് തൊഴിലാളികളുടെ സംശയം.
ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവടക്കം കുറഞ്ഞത് 15,000 രൂപയാണെങ്കില്‍, ഏകദേശം 30,000 രൂപയാണ് സമരം വഴി യൂണിയന്‍ നഷ്ടമാക്കിയതെന്നാണ് അവരുടെ ആരോപണം. മാനേജ്‌മെന്റ് അങ്ങേയറ്റം ധാര്‍ഷ്ട്യവും ഏകാധിപത്യ മനോഭാവവുമാണ് കാണിച്ചത്. അവരോട് സംസാരിച്ച് ഒരാവശ്യംപോലും നേടിയെടുക്കാന്‍ കഴിവില്ലാത്തവരാണോ സിഐടിയു നേതാക്കളെന്നും അവര്‍ ചോദിക്കുന്നു. ബാങ്ക് ശാഖകള്‍ തുറന്നുവെന്നതു മാത്രമാണ് അവരെ സംബന്ധിച്ച് ആശ്വാസം.
















