വട്ടിയൂർക്കാവ്: കുടുംബയോഗങ്ങളില്‍ നിറസാനിധ്യമായി സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി എത്തിയതോടെ ബിജെപി ക്യാമ്പ് ആവേശത്തിലായി. ഇന്നലെ അഞ്ച് കുടുംബയോഗങ്ങളുടെ ഉദ്ഘാടനം സുരേഷ് ഗോപി എംപിയാണ് നിര്‍വ്വഹിച്ചത്. ഇലിപ്പോട്, കൊടുങ്ങാനൂര്‍, നെട്ടയം, പിടിപി നഗര്‍, ചെട്ടിവിളാകം എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളെല്ലാം വന്‍ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
രാവിലെ 11.30ന് ഇലിപ്പോട് പുളിയനംപുറത്തു നടന്ന കുടുംബയോഗത്തില്‍ സ്ഥാനാര്‍ത്ഥി എസ്. സുരേഷ് പങ്കെടുത്തു. നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി പരിപാടി ഉദ്ഘാടനം ചെയ്തത്. കൊടുങ്ങാനൂരില്‍ എത്തിയ സുരേഷ് ഗോപിയെ റോഡില്‍ നിന്നും സ്വീകരിച്ച് സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വേദിയിലെത്തിച്ചത്. ഇവിടെ കൊടുങ്ങാനൂര്‍ തെരഞ്ഞെടുപ്പ് ഏര്യകമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം നടന്നു.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന സുനിലിനെ സുരേഷ് ഗോപി പൊന്നാടയണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സാനിധ്യവും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി. നെട്ടയം, പിടിപി നഗര്‍, ചെട്ടിവിളാകം തുടങ്ങിയ ഇടങ്ങളിലും അമ്മമാര്‍ ഉള്‍പ്പടെ വന്‍ ജനാലവിയുടെ സാനിധ്യത്തിലാണ് പരിപാടികള്‍ നടന്നത്.

വൈകുന്നേരത്തോടെ വീടുതോറുമുള്ള വോട്ട് അഭ്യര്‍ത്ഥനയ്‌ക്കായി മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടി എത്തിയതോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപി അതികായന്‍മാരായി. അഞ്ചാംവിളയിലെ വീടുകളിലാണ് കുമ്മനം വോട്ടഭ്യര്‍ത്ഥനയുമായി എത്തിയത്. വനിതകള്‍ ഉള്‍പ്പടെ 20 ഓളം പ്രവര്‍ത്തകരുമായി വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ച കുമ്മനം അവസാനിപ്പിച്ചത് 120 ഓളം പേരുടെ അകമ്പടിയിലാണ്.
വോട്ട് ചോദിച്ച് എത്തിയ വീട്ടുകാരും തുടര്‍ന്നുള്ള വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായതോടെ വന്‍ ജനപങ്കാളിത്തമുണ്ടായി. അഞ്ചാമട റസിഡന്റ്‌സ് അസോസിയേഷനിലെ 40-ാം നമ്പര്‍ വീടിന് പുറത്തുനിന്ന് വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങാനൊരുങ്ങിയ കുമ്മനത്തെ വീട്ടുടമസ്ഥയായ ഉഷയ്‌ക്ക് തങ്ങളുടെ വീട്ടില്‍ കയറിയിട്ടെ പോകാവു എന്ന ആഗ്രഹം പങ്കുവച്ചു. വീട്ടില്‍ എത്തിയ കുമ്മനത്തെ മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായ വിജയകുമാറും ഭാര്യയും ചേര്‍ന്ന് സ്വീകരിച്ചു.
പോലീസില്‍ നിന്ന് പിരിഞ്ഞ ശേഷം ബിജെപിയില്‍ ചേര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇക്കുറി സുരേഷിന്റെ വിജയത്തിനായി കുടുംബ സമേതം പ്രചാരണത്തിന് ഇറങ്ങുമെന്ന വാക്കു കേട്ടുകൊണ്ടാണ് കുമ്മനം അടുത്ത വീട്ടിലേക്ക് നിങ്ങിയത്. തുടര്‍ന്ന് കുടുംബയോഗങ്ങളിലും പങ്കെടുത്തു.
















