കൊച്ചി: മെട്രോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ദുരിതം പേറി ജീവിക്കുന്ന മച്ചോട് നികത്തില്‍ കോളനിയില്‍ ജീവിതം തൊട്ടറിഞ്ഞ് സുരേഷ് ഗോപി എംപി. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിനൊപ്പം താരം വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനായി കോളനിയില്‍ എത്തിയത്.
കോളനിയിലെ ഓരോ വീടുകളും കയറിയിറങ്ങിയ സുരേഷ്ഗോപി വീട്ടുകാരുമൊത്ത് ഫോട്ടോ എടുത്തും കുശലാന്വേഷണം നടത്തിയും വോട്ടര്‍മാരെ കയ്യിലെടുത്തു. ഇതിനിടെ ചിലര്‍ തങ്ങളുടെ ദുരിതങ്ങളെണ്ണിപ്പറഞ്ഞു. എല്ലാവരുടെയും പരാതികള്‍ സുരേഷ്‌ഗോപി ക്ഷമയോടെ കേട്ടു. ഇനി ഒന്നരവര്‍ഷം കൂടിയുണ്ട്. രാജഗോപാലിനെ നിയമസഭയിലേക്ക് അയച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വേണ്ടതുചെയ്യാമെന്ന് ഉറപ്പുനല്‍കി.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന് സമീപം കരിക്ക് വിറ്റ് ഉപജീവനം നടത്തി, ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പത്മകുമാരിയെ രാജഗോപാല്‍ സുരേഷ് ഗോപിക്ക് പരിജയപ്പെടുത്തി. വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കേട്ട് താരം അത്ഭുതപ്പെട്ടു. കോളനിയില്‍ ഓട്ടിസം ബാധിച്ച് വീല്‍ ചെയറില്‍ കഴിയുന്ന പതിമൂന്നുകാരി സ്‌നേഹയെ തലയില്‍ തലോടി ആശ്വസിപ്പിക്കാനും താരം മറന്നില്ല.
















