കൊച്ചി: എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ സുരേഷ് ഗോപി എം.പി നാടുംനഗരവും ഇളക്കിമറിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോടെയാണ് സുരേഷ് ഗോപിയുടെ പ്രചാരണ പരിപാടികള്‍ സമാപിച്ചത്. എറണാകുളം നികത്തില്‍ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്.
കോളനിയിലെ ഓരോ വീടുകളും കയറിയിറങ്ങിയ സുരേഷ്ഗോപി വീട്ടുകാരുമൊത്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്തു കുശലാന്വേഷണം നടത്തിയും വോട്ടര്‍മാരെ കൈയ്യിലെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് പ്രിയതാരത്തെ നേരില്‍ കാണാനെത്തിയത്. തുടര്‍ന്ന് തേവര കോളേജിലെത്തി പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്‌ക്കാപ്പിള്ളിയുമായി ചര്‍ച്ച നടത്തുകയും ചായ സല്‍കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു. തിരികെ ഇറങ്ങുമ്പോള്‍ മുന്നില്‍ വന്നുപെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കുസൃതി ചോദ്യം: എറണാകുളം അങ്ങെടുക്കുവോ ? ഉടന്‍ വന്നു താരത്തിന്റെ മറുപടി , എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ..
തുടര്‍ന്ന് ചേരാനെല്ലൂരിലായിരുന്നു താരപ്രചാരണം. സ്ത്രീകളടക്കം പൂക്കളും വിളക്കും താലവുമായാണ് സുരേഷ്ഗോപിയെ സ്വീകരിച്ചത്. എളമക്കര വായനശാലപ്പടിയില്‍ എത്തിയ സുരേഷ് ഗോപി കുടുംബയോഗത്തില്‍ പങ്കെടുത്തു. ചേരാനെല്ലൂര്‍ വിഷ്ണുപുരത്ത് നിന്നാരംഭിച്ച സുരേഷ്ഗോപിയുടെ റോഡ് ഷോ നാടും നഗരവും ഇളക്കി മറിച്ചാണ് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചിറ്റൂര്‍, വടുതല, പച്ചാളം, അയ്യപ്പന്‍കാവ് വഴി കച്ചേരിപ്പടിയില്‍ സമാപിച്ചത്. കൂറ്റന്‍ പുഷ്പഹാരമണിയിച്ചാണ് പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെയും സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിനെയും വരവേറ്റത്.
















