ന്യൂദല്‍ഹി : പാക് അധീന കശ്മീരില്‍ നിന്നും പലായനം ചെയ്ത ഇന്ത്യയില്‍ എത്തിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യയിലെത്തിയ 5,300 കുടുബങ്ങളെ പലായനം ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ധന സഹായം നല്‍കുക. മന്ത്രിസഭായോഗത്തിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ വികസന പാക്കേജ് ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുകയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. ജമ്മു കശ്മീരിലെ നിരവധി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു പുനരധിവാസ പദ്ധതിയാണ് പ്രധാനമന്ത്രിയുടെ വികസന പാക്കേജ്. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്ന് കുടിയേറിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം നല്‍കുന്നത്.
പാക് അധിനിവേശ കശ്മീരില്‍ നിന്ന് ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരാണ് ഈ കുടുംബങ്ങള്‍. 5.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഈ കുടുംബങ്ങള്‍ താമസമാക്കിയതിനാല്‍ അവരുടെ പേരുകള്‍ പലായനം ചെയ്തവരുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്ന് ജാവ്‌ദേക്കര്‍ പറഞ്ഞു. ചരിത്രപരമായ ഒരു തെറ്റ് സര്‍ക്കാര്‍ തിരുത്തുകയും ഈ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
















