പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തില്‍ വികസനത്തിന്റെ പേരില്‍ ഇടത്-വലത് മുന്നണികള്‍ പുകമറ സൃഷ്ടിക്കുമ്പോഴും വനവാസികള്‍ അടക്കമുള്ള സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പോലും പരിഹാരമില്ല. വലിയ പദ്ധതികളുടെ പേരില്‍ മേനിനടിക്കുന്ന യുഡിഎഫും രാഷ്‌ട്രീയ നേട്ടത്തിനായി പലതിനും ഇടങ്കോലിടുന്ന എല്‍ഡിഎഫും ഇക്കാര്യത്തില്‍ ഒരേപോലെ ഉത്തരവാദികളുമാണ്.
ഇതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച അച്ചന്‍കോവിലാറ്റിലെ നാല് ചെറുപാലങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ആവണിപ്പാറ, ചിറ്റൂര്‍കടവ്, തൃപ്പാറ, ചെന്നീര്‍ക്കരക്കടവ് എന്നിവിടങ്ങളില്‍ നടപ്പാലം പണിയാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പണം അനുവദിച്ചെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി പാലങ്ങള്‍ ഏതാനും തൂണുകളില്‍ ഒതുങ്ങിയെന്നുമാത്രം. കോന്നി വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇക്കാര്യങ്ങളും ചര്‍ച്ചയാകണമെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപാ വീതമാണ് ഓരോ പാലത്തിനും അനുവദിച്ചത്.
അന്നത്തെ റവന്യു മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റെ താല്‍പര്യ പ്രകാരമായിരുന്നു നടപടി. എന്നാല്‍ പാലത്തിന്റെ കാര്യത്തിലും വനവാസികളെ ആദ്യ ഘട്ടത്തില്‍ തന്നെ അവഗണിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ വനവാസി കോളനിയിലേക്കുള്ള നടപ്പാലം നിര്‍മ്മാണം തറക്കല്ലിടീലില്‍ ഒതുക്കി.
അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നാല്‍ പുറംലോകവുമായി ഒറ്റപ്പെടുന്ന പ്രദേശമാണ് ആവണിപ്പാറ. അടൂര്‍ പ്രകാശ് എംഎല്‍എയായ കാലംമുതല്‍ ഇവിടെ കോസ്‌വേയും നടപ്പാലവും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോഴും നദികടക്കാന്‍ വനവാസികള്‍ക്ക് ചങ്ങാടവും വള്ളവുമാണ് ആശ്രയം. നിര്‍മ്മാണം തുടങ്ങിയ മറ്റ് മൂന്ന് പാലങ്ങളുടെയും സ്ഥിതിയാണ് അതിലും കഷ്ടം. വള്ളിക്കോട്-ഓമല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൃപ്പാറക്കടവിലും ചിറ്റൂര്‍മുക്ക്-അട്ടച്ചാക്കല്‍ കടവുകളെ ബന്ധിപ്പിച്ച് ചിറ്റൂര്‍ കടവിലും വള്ളിക്കോട്-ചെന്നീര്‍ക്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെന്നീര്‍ക്കര കടവിലുമാണ് പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങിയത്. തൂണുകളുടെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായതോടെ പണികള്‍ മുടങ്ങി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പാലങ്ങള്‍ കരതൊടില്ലെന്ന് ഏതാണ്ട് ഉറപ്പായി. രാഷ്‌ട്രീയ നേട്ടം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് യുഡിഎഫ് തുടങ്ങിയ പാലം നിര്‍മ്മാണം അതേലക്ഷ്യത്തോടെ തടസപ്പെടുത്താന്‍ എല്‍ഡിഎഫും അവസരം തേടി. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഒരു പ്രദേശത്ത് മാത്രം അനുവദിച്ച റവന്യു മന്ത്രിയുടെ നടപടിയില്‍ സംസ്ഥാനത്തെ ചില എംഎല്‍എമാര്‍ എതിര്‍പ്പ് അറിയിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. ബജറ്റില്‍ ഉള്‍പ്പെടുത്തിയ പദ്ധതി അല്ലാത്തതിനാല്‍ പാലങ്ങളുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ഏറെ കടമ്പകള്‍ കടക്കണം. നടപ്പാലമെങ്കിലും കാറുകള്‍ അടക്കം ചെറിയ വാഹനങ്ങള്‍ കടന്നു പോകുന്ന തരത്തില്‍ നാല് മീറ്റര്‍ വീതിയിലാണ് പാലങ്ങള്‍ വിഭാവനം ചെയ്തിരുന്നത്. ഇത് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
ചിറ്റൂര്‍ കടവില്‍നിന്ന് അട്ടച്ചാക്കല്‍ കരയിലേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം 2017 ഫെബ്രുവരി 26നാണ് ശിലാസ്ഥാപനം നടത്തി പണികള്‍ ആരംഭിച്ചത്. പാലത്തിന്റെ തൂണുകള്‍ മാത്രമാണ് ഭാഗികമായി പൂര്‍ത്തീകരിച്ചിട്ടുള്ളത്. അച്ചന്‍ കോവിലാറിന്റെ ഇരുവശങ്ങളിലുമായി പ്രധാന മൂന്ന് തൂണുകള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ കരാറുകാരന് ബില്‍ മാറി കിട്ടാനുള്ള തടസമാണ് പണി നിര്‍ത്തി വയ്‌ക്കാന്‍ ഇടയാക്കിയത്. വീണ്ടും പണികള്‍ പുനരാരംഭിച്ചെങ്കിലും കൂടുതല്‍ മുന്നോട്ട് പോയില്ല. രണ്ടു വര്‍ഷം മുമ്പാണ് പണികള്‍ പൂര്‍ണമായും നിലച്ചത്. കോന്നി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അച്ചന്‍കോവിലാറിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് അക്കരെ ഇക്കരെയും നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് റോഡിലും എത്താന്‍ ഈ പാലം പ്രയോജനകരമാകുമായിരുന്നു.
















