പഴയങ്ങാടി: കണ്ണൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം നരിക്കോട് വയല്‍ കതിരണിഞ്ഞു. 42 ഹെക്ടര്‍ പ്രദേശത്താണ് ഇക്കുറി നെല്‍കൃഷി നടത്തിയത്. പ്രതികൂല കാലാവസ്ഥയും പന്നികളുടെയും മറ്റും ആക്രമണവും കാരണം പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെന്ന് കര്‍ഷകര്‍.
നൂറ് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന നരിക്കോട് പാടശേഖരം കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൂടിയാണ്. ജില്ലയുടെ നെല്ലറയായ ഏഴോത്ത് പ്രതികൂല കാലാവസ്ഥയിലും കര്‍ഷകര്‍ കൃഷി ചെയ്തു. വിത്ത് വിതയ്‌ക്കുന്ന നേരത്ത് പക്ഷികളുടെയും മറ്റും ശല്യം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിര്‍ത്താതെ പെയ്ത മഴ ഏറെ കൃഷിനാശത്തിന് ഇടയാക്കിയിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യവും വ്യാപകമായുണ്ട്. കൃഷിവകുപ്പ് വിതരണം ചെയ്ത നെല്‍വിത്തുകള്‍ ഗുണനിലവാരം കുറവായിരുന്നുവെന്നും നെല്ലിനൊപ്പം വരിന്നെല്ലും വളരാന്‍ കാരണമായെന്നും കര്‍ഷകര്‍ പറയുന്നു. കൊയ്‌തെടുക്കാന്‍ ഇതരസംസ്ഥാനത്തൊഴിലാളികളാണ് ആശ്രയം. 750 രൂപ കൂലിയും ഭക്ഷണവും നല്‍കണം, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇനി എത്രകാലം നെല്‍കൃഷി തുടരാന്‍ ആകുമെന്ന് എന്ന് യാതൊരു ഉറപ്പുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കുടുംബശ്രീയുടെയും വിവിധ സംഘങ്ങളുടെയും നേതൃത്വത്തില്‍ ഇത്തവണ നെല്‍കൃഷി നടത്തിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് കര്‍ഷകര്‍ക്ക് സഹായകമാകുന്ന വ്യത്യസ്തമായ പരിപാടികള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഭാവിയില്‍ നരിക്കോട് വയലിലും നെല്‍കൃഷി എന്നന്നേക്കും ഇല്ലാതാകും. പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമോ എന്ന പ്രതീക്ഷപോലും നശിച്ച നിലയിലാണ് കര്‍ഷകര്‍.
















