ആലപ്പുഴ: താല്‍ക്കാലിക ഡ്രൈവര്‍മാരെ ഹൈക്കോടതി നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത് മൂലം ജില്ലയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. ഇതോടെ സ്ഥിരം യാത്രക്കാര്‍ ദുരിതത്തിലുമായി. മുന്‍ ദിവസങ്ങളേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ ഇന്നലെ മുടങ്ങി. രണ്ടുദിവസം തുടര്‍ച്ചയായി ഡബിള്‍ ഡ്യൂട്ടി ചെയ്തവര്‍ എത്താതായതോടെയാണ് കൂടുതല്‍ സര്‍വീസുകള്‍ നിലച്ചത്.
എടത്വാ-അഞ്ച്, ചേര്‍ത്തല-എട്ട്, മാവേലിക്കര-ആറ്, ചെങ്ങന്നൂര്‍-10 സര്‍വീസുകള്‍ വീതം വെട്ടിച്ചുരുക്കി. എടത്വാ ഡിപ്പോയില്‍ ആറ് എംപാനല്‍ ഡ്രൈവര്‍മാരും മാവേലിക്കരയില്‍ 17 ചേര്‍ത്തലയില്‍ 16 മാവേലിക്കരയില്‍ 17, ചെങ്ങന്നൂര്‍ 19 പേരുമാണ് ഉണ്ടായിരുന്നത്. നിലവില്‍ ആലപ്പുഴ, ഹരിപ്പാട്, കായംകുളം ഡിപ്പോകളില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി കായംകുളത്ത് സ്ഥിരമായി ഉണ്ടായിരുന്ന 54 ഷെഡ്യൂകള്‍ വര്‍ധിപ്പിച്ച് 56 ആക്കി. ജില്ലയില്‍ മാവേലിക്കര, ചെങ്ങന്നൂര്‍, ചേര്‍ത്തല ഭാഗത്തുള്ള യാത്രക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്.
ബദല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാകും. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമുള്ള ദേശസാല്‍കൃത റൂട്ടുകളിലാണ് യാത്രക്കാര്‍ വലയുന്നത്. അഞ്ചും ആറും ബസ് പോകുന്ന സ്ഥലങ്ങളില്‍ ഒരു ബസ് മാത്രമാണ് പോകുന്നത്. തിരക്കേറിയ വൈകിട്ട് നാലുമുതല്‍ ഏഴുവരെയുള്ള സമയത്ത് യാത്രക്കാര്‍ ഏറെയുള്ള മാവേലിക്കര, ചെങ്ങന്നൂര്‍ റൂട്ടുകളിലെ അവസ്ഥ ദയനീയമാണ്. ഇതോടെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമായി.
ചേര്‍ത്തല: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടപ്പോള്‍ ചേര്‍ത്തലയില്‍ പുറത്തുപോയത് പതിനാലുപേരാണ്. സാധാരണ ഗതിയില്‍ 70 നും 73നും ഇടയില്‍ സര്‍വീസ് നടക്കുന്ന ഡിപ്പോയാണ് ചേര്‍ത്തലയിലേത്.
അന്ധകാരനഴി, അരൂക്കുറ്റി തുടങ്ങിയ മേഖലകളിലേക്കുള്ള ബസുകളാണ് ഇന്നലെ മുടങ്ങിയത്. ഡ്രൈവര്‍മാരുടെ അഭാവം വരും ദിവസങ്ങളിലും ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ബസുകളുടേയും ജീവനക്കാരുടെയും അഭാവം മൂലം ബസ് സര്‍വീസുകള്‍ മുടങ്ങാറുണ്ടെന്ന് എടിഒ രത്നാകരന്‍ പറഞ്ഞു.
















