തിരുവനന്തപുരം: തൂവെള്ള പാന്റ്‌സും ഷര്‍ട്ടും രാജകീയ തലപ്പാവു മണിഞ്ഞ ഇന്ത്യന്‍ കോഫി ഹൗസിലെ വെയിറ്റര്‍മാരോടൊപ്പം ഇനി നീല ചുരിദാറും ഓവര്‍ കോട്ടും അണിഞ്ഞ വെയിറ്റര്‍മാരും. ഹോട്ടലുകളിലെ അടുക്കളയില്‍ പച്ചക്കറി അരിയാനും പാചകത്തിന് സഹായിക്കാനുമായി ജോലി നോക്കിയിരുന്ന വനിതകള്‍ ഇനി ഭക്ഷണം വിളമ്പും. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയായ ശ്രീക്കുട്ടിയും കല്ലയം സ്വദേശി ഷീനയും ഇന്ത്യന്‍ കോഫി ഹൗസില്‍ ഇന്നലെ വെയിറ്റര്‍മാരായി ജോലിക്ക് കയറി.
എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ കോഫി ഹൗസിലാണ് ആദ്യ നിയമനം. കോഫിഹൗസ് ജീവനക്കാരായിരുന്ന ഭര്‍ത്താക്കന്മാര്‍ മരിച്ചതിനാല്‍ ലഭിച്ച ആശ്രിത നിയമനമാണ് വെയിറ്റര്‍ ജോലി. രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെയാണ് ജോലി സമയം. ആറുമാസം പരിശീലന കാലയളവും അതിനു ശേഷം സ്ഥിരനിയമനവും ലഭിക്കും. അതുവരെ 7500 രൂപയാണ് ശമ്പളം.
വനിതകളെ കോഫിഹൗസില്‍ വെയിറ്റര്‍മാരായി നിയമിച്ചിരുന്നില്ല. അതിനാല്‍ നിരവധി തവണ മന്ത്രി ഓഫീസുകളില്‍ കയറിയിറങ്ങിയ ശേഷമാണ് ജോലി ലഭിച്ചത്. വനിതകളുടെ നിയമനമായതിനാല്‍ പലപ്പോഴും ഫയല്‍ ചുവപ്പ് നാടയില്‍ കുടുങ്ങി . കെഎസ്ആര്‍ടിസിയില്‍ വനിതകളെ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമിച്ചതുവരെ ചൂണ്ടിക്കാട്ടേണ്ടതായി വന്നു. തുടര്‍ന്നാണ് കോഫിഹൗസിന്റെ ഭരണ സമിതി ബോര്‍ഡു കൂടി വനിതകളെ വെയിറ്റര്‍മാരായി ജോലിക്ക് നിയമിക്കാന്‍ തീരുമാനിച്ചത്.
ജോലി ലഭിച്ച സന്തോഷത്തിലാണ് രണ്ടു മക്കളുള്ള ശ്രീക്കുട്ടിയും, ഒരു മകളുള്ള ഷീനയും. ആരെയും ആശ്രയിക്കാതെ ഇനി മക്കളുടെ ജീവിതം ഇരുവര്‍ക്കും കരുപ്പിടിപ്പിക്കാം. അതോടൊപ്പം കോഫി ഹൗസില്‍ ആശ്രിത നിയമന ജോലിക്കായി കാത്തു നില്‍ക്കുന്ന നിരവധി പേര്‍ക്ക് തുണയാകും ഈ നിയമനം.
















