ചേര്‍ത്തല: എന്തുകൊണ്ട് അരൂരില്‍ പ്രകാശ്ബാബു വിജയിക്കണം. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. ഡി. അശ്വിനീദേവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ്ബാബുവിനെ കുറിച്ച് ഹൃദയസ്പര്‍ശിയായ പോസ്റ്റ് പങ്കുവച്ചത്.
പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
അധികമാരുമറിയാത്ത ഒരു പ്രകാശ് ബാബുവുണ്ട്. ജീവിക്കുവാന്‍ വേണ്ടി പൊരിയുന്ന വയറുമായി നെട്ടോട്ടമോടിയ ഒരു ഗ്രാമീണ ബാലന്റെ കഥയാണത്.
മൂന്ന് സഹോദരിമാരും രണ്ടു സഹോദരന്‍മാരും താനുമടക്കമുള്ള ആറ്കുട്ടികളെ പുലര്‍ത്താന്‍ ഒരു ചായപ്പീടിക കൊണ്ട് കഴിയാതെ കഷ്ടപ്പെടുന്ന കണ്ണന്‍ എന്ന അച്ഛന്റേയും മാണി എന്ന അമ്മയുടേയും കണ്ണീര് കണ്ട് വളര്‍ന്ന ഒരു ബാല്യം. രാവിലെ അച്ഛനോടൊപ്പം ചായപ്പീടികയിലെത്തി എല്ലാ ജോലിയും ചെയ്തു കൊടുക്കും. തിരികെ വന്നാല്‍ രാത്രി വരെ വീണ്ടും ചായപ്പീടികയില്‍. ഏറെ വൈകി രാത്രി എത്തിയാല്‍ അരണ്ട വെളിച്ചത്തില്‍ പഠനം. പത്താം തരത്തില്‍ ഫസ്റ്റ് ക്ലാസ് വാങ്ങി ജയിച്ചു. പ്ലസ് ടുവിന് പഠിച്ചത് ബസുകള്‍ കഴുകിക്കൊടുക്കുന്ന പണി ഏറ്റെടുത്താണ്. റിസള്‍ട്ട് വന്നപ്പോള്‍ പ്രകാശന് അവിടെയും ഫസ്റ്റ് ക്ലാസ്. തുടര്‍ പഠനം മാഹിയിലെ മഹാത്മാഗാന്ധി കോളേജില്‍. പഠന ചെലവിനായി അവധി ദിവസങ്ങളിലും ഒഴിവുള്ളപ്പോഴും കൂലിപ്പണിയെടുത്തു.
ബിഎസ്‌സിയും ഫസ്റ്റ് ക്ലാസില്‍ തന്നെ പാസായി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എല്‍എല്‍ബിയ്‌ക്ക് ചേര്‍ന്നു. രണ്ട് പാരലല്‍ കോളേജുകളില്‍ പഠിപ്പിച്ചായിരുന്നു അതിനുള്ള പണം കണ്ടെത്തിയത്. അവിടെയും ഫസ്റ്റ് ക്ലാസ് തന്നെ വാങ്ങി പാസായി. രണ്ടാം റാങ്കോടെയാണ് എല്‍എല്‍എം ബിരുദം കരസ്ഥമാക്കിയത്. സിബിഐയിലേക്കുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ പരീക്ഷയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് രണ്ടു പേര്‍ മാത്രം ജയിച്ചപ്പോള്‍ അതിലൊന്ന് പ്രകാശ് ബാബുവായിരുന്നു.
നിയമനത്തിന്റെ പേപ്പറുകള്‍ ശരിയായി വന്നപ്പോഴാണ് അഴിയാക്കുരുക്ക് മുറുകിയത്. പട്ടിണിയുടേയും പഠനത്തിന്റേയുമിടയില്‍ യുവമോര്‍ച്ചയ്‌ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി പത്തൊമ്പത് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. ആ കേസുകള്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍വീസില്‍ ജോലി കിട്ടുമായിരുന്നില്ല.
വക്കീൽ പണി തന്നെ ചെയ്യുമ്പോള്‍ തുടര്‍ന്നും പഠിച്ചു. മാസ്റ്റര്‍ ഓഫ് ലോ എന്ന ഉന്നത ബിരുദം ഉയര്‍ന്ന റാങ്കോടെ പാസായി. ഈ ജീവിതയാത്രയിലും പൊതുജനങ്ങള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള നിരവധി സമരമുഖങ്ങളില്‍ വീറുറ്റ പോരാട്ടം നടത്തി. ഒടുവില്‍ ശബരിമല പ്രക്ഷോഭത്തില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റ് വാങ്ങി.
പിന്നോക്ക സമുദായത്തില്‍ ജനിച്ച് പട്ടിണിയോടും പ്രാരാബ്ദങ്ങളോടും മല്ലടിച്ച് വളരുമ്പോഴും തനിക്ക് ചുറ്റുമുള്ള ഒന്നുമില്ലാത്തവന്റെ ജീവിതദുരിതങ്ങളകറ്റാന്‍ സ്വയം സമര്‍പ്പിച്ച യൗവനം. ഈ ചെറുപ്പക്കാരനെ പാവപ്പെട്ടവരേറെയുള്ള മണ്ഡലമായ അരൂര് കൈവിടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
















