മുംബൈ: ഫോണ്‍ കോളുകളുടെ റിങ് സമയം കുത്തനെ കുറച്ച് കമ്പനികള്‍. ഇനി ബെല്ലടിച്ച് തുടങ്ങി 25 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ കോള്‍ കട്ടാകും. എയര്‍ടെല്‍, വോഡഫോണ്‍ഐഡിയ എന്നീ നെറ്റ്വര്‍ക്കുകളിലാണ് ഈ സമയക്രമം നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ 35 മുതല്‍ 40 സെക്കന്‍ഡ് വരെയായിരുന്നു ഫോണ്‍ റിങ്ങിങ് സമയം. ഇതാണ് 25 സെക്കന്‍ഡിലേക്ക് വെട്ടിക്കുറച്ചത്.
ജിയോ നെറ്റ്വര്‍ക്ക് 20മുതല്‍ 25 സെക്കന്‍ഡേ റിങ് സമയം നല്‍കുന്നുള്ളൂവെന്നും ഇത് ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് വരുമാനം ഉയര്‍ത്താനുള്ള തന്ത്രമാണെന്നും എയര്‍ടെല്‍ വോഡഫോണ്‍ ഐഡിയ കമ്പനികള്‍ ആരോപിച്ചിരുന്നു. ജിയോയുടെ സമയത്തിനൊപ്പം എത്തിക്കുന്നതിനാണ് എയര്‍ടെലും വോഡഫോണ്‍ഐഡിയയും സമയം വെട്ടിക്കുറച്ചിരിക്കുന്നത്.
ഒരു ടെലികോം നെറ്റ്വര്‍ക്കിലേക്കുള്ള കോളിന്, ആ കോള്‍ പുറപ്പെടുന്ന നെറ്റ്വര്‍ക്ക് നല്‍കേണ്ട ഫീസാണ് ഐയുസി. മിനിറ്റിന് ആറ് പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഐയുസി നിരക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് ജിയോ റിങ് ടൈം 25 സെക്കന്‍ഡായി നേരത്തെ കുറച്ചത്.ജിയോയില്‍നിന്ന് ഐഡിയയിലേക്കുള്ള കോള്‍ 25 സെക്കന്‍ഡ് കൊണ്ട് കട്ടാകും. ഇതേത്തുടര്‍ന്ന് ഐഡിയ ഉപയോക്താവ് ജിയോ നെറ്റ്വര്‍ക്കിലേക്കു തിരിച്ചുവിളിക്കേണ്ടി വരും. ഇങ്ങനെ ജിയോയ്ക്ക് ഐയുസി ലഭിക്കുമെന്നും മറ്റു കമ്പനികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: