കോന്നി: കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ അനുനയ പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നില്ല. അടൂര്‍ പ്രകാശ് ഇടഞ്ഞുതന്നെ നില്‍ക്കുന്നു. കോന്നിയില്‍ താന്‍ ചൂണ്ടിക്കാട്ടിയ ആളെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പിണങ്ങി നില്‍ക്കുന്ന കോന്നിയുടെ മുന്‍ എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ് ഇന്നലെ യുഡിഎഫ് കണ്‍വന്‍ഷനിലെത്തിയെങ്കിലും പരസ്യമായി നീരസം പ്രകടിപ്പിച്ചു. കോന്നിയില്‍ നടന്ന യുഡിഎഫ് കണ്‍വന്‍ഷനില്‍ പലതവണ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. ഒരുവട്ടം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ഇവര്‍ തിരിഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമൊപ്പം എത്തിയ അടൂര്‍ പ്രകാശിനെ കണ്‍വന്‍ഷന്‍ ഹാളിലേക്ക് തോളിലേറ്റിയാണ് കോണ്‍ഗ്രസുകാര്‍ എത്തിച്ചത്.
ഇതിനിടെ സ്ഥാനാര്‍ത്ഥിയെത്തി മുത്തം കൊടുത്തെങ്കിലും അതിലൊന്നും കാര്യമില്ലെന്നും പ്രസംഗത്തിനിടെ അടൂര്‍ പ്രകാശ് എടുത്തു പറയുകയും ചെയ്തു. തന്റെ നേട്ടങ്ങളും താന്‍ നിര്‍ദ്ദേശിച്ച ആളിന്റെ മാഹാത്മ്യവും വര്‍ണ്ണിക്കുന്നത് അധികമായപ്പോള്‍ കെപിസിസി പ്രസിഡന്റിനു തന്നെ ഇടപെടേണ്ടി വന്നു. യുഡിഎഫ് കണ്‍വന്‍ഷനിലെത്തി നടത്തിയ പ്രസംഗത്തിലും മുള്ളുമുനയും നിറഞ്ഞു നിന്നിരുന്നു.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മണിക്കൂറുകളോളം അനുനയം നടത്തിയ ശേഷമാണ് അടൂര്‍ പ്രകാശ് വേദിയിലെത്തിയത് തന്നെ. അടൂര്‍ പ്രകാശിന്റെ പ്രസംഗം കഴിഞ്ഞതൊടെ പ്രവര്‍ത്തകരിലേറിയ പങ്കും കണ്‍വന്‍ഷന്‍ ഹള്‍ വിട്ടതും യുഡഎഫിനുള്ളിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് തെളിയിച്ചു. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ പ്രകാശ് ഇഫക്ട് വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്നും രാഷ്‌ട്രീയക്ഷകര്‍ ചൂണിക്കാണിക്കുന്നു.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കം പങ്കെടുത്ത കണ്‍വന്‍ഷന്‍ ആയിരുന്നിട്ടും കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ പങ്കാളിത്തം മുമ്പെങ്ങുമില്ലാത്തവിധം കുറഞ്ഞതും ശ്രദ്ധേയമായി. വന്നവരില്‍ തന്നെ കോന്നി മണ്ഡലത്തിലെ സമ്മതിദായകര്‍ കുറവായിരുന്നു.
















