കോന്നി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയുമായ കെ. സുരേന്ദ്രന് കോന്നി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ കോന്നിയിലെ തെരെഞ്ഞെടുപ്പ് രംഗം സംസ്ഥാനത്തിന്റെ ഒട്ടാകെ ശ്രദ്ധാകേന്ദ്രമായി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ കെ. സുരേന്ദ്രന് മത്സരരംഗത്ത് എത്തിയതോടെ ഇടത് വലത് മുന്നണികളില്‍ ആശങ്കയുമേറി. ഇന്നലെ പകല്‍ 12.30 ഓടെയാണ് സുരേന്ദ്രന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
പുലര്‍ച്ചെ മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണത്തിന് കോന്നിയിലെത്തിയത്. ഇളകൊള്ളൂര്‍ നന്ദികേശവിഗ്രഹ ജംഗ്ഷനില്‍ നിന്നും ഹരിത കുങ്കുമ പതാകകളേന്തി വാദ്യമേളങ്ങളോടെ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് വരണാധികാരിയുടെ ഓഫീസിലേക്ക് ആനയിച്ചു.
ഓഫീസിനു സമീപം ഇളകൊള്ളൂര്‍ ഉഷാസദനത്തില്‍ രാധമ്മ, ചാമക്കാലായില്‍ ജാനകിയമ്മ, വാലുപറമ്പില്‍ കമലാക്ഷിയമ്മ എന്നീ വൃദ്ധമാതാക്കള്‍ ആരതിയുഴിഞ്ഞും ആശ്ലേഷിച്ചും സുരേന്ദ്രനെ സ്വീകരിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറി മൂര്‍ദ്ധാവില്‍ കൈ വെച്ച് അനുഗ്രഹിച്ച അമ്മമാരുടെ കാല് തൊട്ട് വന്ദിച്ചാണ് സുരേന്ദ്രന് കോന്നി ബ്ലോക്ക് ഓഫീസ് കവാടം കടന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ബിഡിജെഎസ് ഉപാദ്ധ്യക്ഷനും എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷാജി ആര് നായര്‍, അഡ്വ. എസ്.എന്‍. ഹരികൃഷ്ണന്, സംസ്ഥാന സമിതിയംഗം ടി.ആര്. അജിത്കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനി ഹരികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ജി. മനോജ്, ജനറല്‍ സെക്രട്ടറിമാരായ പി.വി. ബോസ്, സി.കെ നന്ദകുമാര്‍ തുടങ്ങിയവരടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥി എത്തിയത്.
പത്രികാ സമര്‍പ്പണ വേളയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ബിഡിജെഎസ് ഉപാദ്ധ്യക്ഷനും എസ്എന്‍ഡിപി പത്തനംതിട്ട യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട എന്നിവര്‍ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
വരണാധികാരി എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.ബി ഗിരീഷ്, ഉപ വരണാധികാരി കോന്നി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.പി രാജേഷ്കുമാര്‍ എന്നിവരുടെ മുമ്പാകെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്. സുരേന്ദന് രണ്ട് സെറ്റ് പത്രികയും ഡമ്മിയായ പത്രിക സമര്‍പ്പിച്ച അശോകന് ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.
















