കണ്ണൂർ: ഇന്ദിരാഗാന്ധി മുതല്‍ കെ.കരുണാകരന്‍ വരെയുള്ള നേതാക്കളുടെ പേരില്‍ ആതുരാലയങ്ങള്‍, ഇടത് വലത് വ്യത്യാസമില്ലാതെ സഹകരണ സംഘങ്ങള്‍, കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും വെട്ടിപ്പും, എങ്ങുമെത്താതെ അന്വേഷണ സംഘങ്ങള്‍. സഹകരണ മേഖലയുടെ പേരില്‍ മലയോര ജനത നിരന്തരമായി കബളിപ്പിക്കപ്പെടുന്നു.
ആശുപത്രികളും കാര്‍ഷിക സംഘങ്ങളും തുടങ്ങാന്‍ ഷെയര്‍ വാങ്ങിയവര്‍ ഒന്നും ലഭിക്കാതെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള നേതാക്കള്‍ ചോദിക്കുമ്പോള്‍ പണം കൊടുത്തവരാണ് പലരും. ഇത്തരത്തില്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പലതും പൂട്ടിപ്പോകുകയും മറ്റ് ചിലത് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നടത്തിപ്പിനായി നല്‍കുകയും ചെയ്തു. നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് സ്ഥാപനങ്ങള്‍ പൂട്ടുമ്പോള്‍ ഇതിന്റെ ഡയറക്ടര്‍മാരും മാനേജര്‍മാരുമായവര്‍ സമീപ പ്രദേശങ്ങളില്‍ സ്വന്തമായി ആശുപത്രികളും സ്ഥാപനങ്ങളും തുടങ്ങി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. റബ്ബറിന്റെയും തേങ്ങയുടെയും പേരില്‍ നൂറ് കണക്കിന് കര്‍ഷകരെ വഞ്ചിച്ച ഉന്നത നേതാക്കള്‍ ഇപ്പോള്‍ വിലസുന്നു. ഇന്ദിരാജി അശുപത്രി, രാജീവ് ഗാന്ധി ആശുപത്രി. കോക്കനട്ട് സൊസൈറ്റി, റബ്ബര്‍ സൊസൈറ്റി, വനിതാ സൊസൈറ്റി തുടങ്ങി ഇടതു വലതു വ്യത്യാസമില്ലാത്ത അഴിമതിയുടെ നിരയിലെ ഒരു കണ്ണിയാണ് ചെറുപുഴ കെ. കരുണാകരന്‍ ആശുപത്രിയും. അതു കൊണ്ട് തന്നെയാണ് ജനകീയനായ ഒരു കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ ദാരുണമായി മരണപ്പെട്ടിട്ടും ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വെള്ളപൂശുന്നത്.
കരാറുകാരന്റെ മരണത്തില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് നേതൃത്വം പ്രശ്‌നം ഏറ്റെടുത്ത് കെപിസിസി അന്വേഷണ കമ്മീഷനെ വയ്‌ക്കുകയും ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, വി.എ. നാരായണന്‍ കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി. സിദ്ദീഖ് എന്നീ വരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ട്രസ്റ്റ് ചെയര്‍മാന്‍ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി റോഷീ ജോസ്, ചെയര്‍മാന്റെ മകന്‍ കെ.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ക്ക് മരണവുമായി ബന്ധമില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇവര്‍ക്കെതിരെ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടുമില്ല. നേതാക്കളുടെ കോണ്‍ഗ്രസിന് ചീത്ത പേരുണ്ടാക്കി എന്ന് മാത്രമാണ് കെപിസിസി സമിതിയുടെ കണ്ടെത്തല്‍. അധ്യാപക നായ റോഷി ജോസിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും, കെ.കെ. സുരേഷ് ഇപ്പോഴും ജോലിയില്‍ തുടരുന്നു.
മലയോര മേഖലയിലെ ഐ ഗ്രൂപ്പിന്റെ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം തുടരുന്നതെന്നും സാധാരണ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുന്നവര്‍ ഈ പ്രശ്‌നത്തില്‍ ഇതുവരെയും ഒരു നടപടി സ്വീകരിക്കാത്തത് ഉന്നത ബന്ധത്താലാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
















