ശാസ്താംകോട്ട: പോരുവഴി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തില്‍ ഇരുപത്തെട്ടാം ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഉത്സവത്തിന് ഗാനമേള നടത്തരുതെന്ന് ശൂരനാട് പോലീസ്. ഈ ഉത്തരവ് തത്കാലം നടപ്പാക്കേണ്ടെന്ന് മേലുദ്യോഗസ്ഥര്‍. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഗാനമേള വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്ന ശൂരനാട് പോലീസിന്റെ നിര്‍ദേശമാണ് ഉന്നത പോലീസ് അധികാരികളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
കഴിഞ്ഞ ദിവസമാണ് ശൂരനാട് പോലീസ് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ക്ക് ഗാനമേള നടത്താന്‍ അനുവാദം നല്‍കില്ലെന്ന് അറിയിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചക്കുവള്ളി ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റക്കാരെ മാസങ്ങള്‍ക്ക് മുമ്പ് ഒഴിപ്പിച്ചിരുന്നു. അന്ന് കയ്യേറ്റക്കാര്‍ക്ക് ഒപ്പം നിന്നത് സിപിഎം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ടുമായിരുന്നു. കോടതി ഉത്തരവുമായി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍വന്ന റവന്യു, പോലീസ് സംഘത്തെ പല തവണ സിപിഎം-പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം വിരട്ടി പിന്തിരിപ്പിച്ചിരുന്നു. ഒടുവില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളെ ഏകോപിപ്പിച്ച് കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യക്ഷസമരവുമായി രംഗത്തു വന്നതോടെയാണ് കയ്യേറ്റക്കാരും പിന്തുണച്ചവരും പത്തി മടക്കിയതും കയ്യേറ്റക്കാരെ പൂര്‍ണമായും ഒഴിപ്പിച്ച് ദേവസ്വം ബോര്‍ഡ് മതിലുകെട്ടിയതും. ഇതാണ് ക്ഷേത്രത്തില്‍ ഗാനമേള നടത്തിയാല്‍ വര്‍ഗീയ സംഘട്ടനം ഉണ്ടാകുമെന്ന ശൂരനാട് പോലീസിന്റെ വിചിത്രകണ്ടെത്തലിനാധാരം.
ശൂരനാട് പോലീസിന്റെ ഈ നിലപാട് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ കലാപരിപാടി നടത്താനുള്ള അധികാരം ക്ഷേത്ര ഉപദേശകസമിതിക്കും ദേവസ്വം ബോര്‍ഡിനുമാണന്ന നിലപാടില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉറച്ചുനിന്നു. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോലീസ് ഉത്സവത്തിനെതിരെ രംഗത്തുവന്നതെന്ന് ആരോപണമുണ്ടായി. അടുത്തിടെ ദേവസ്വംഭൂമിയില്‍ സിപിഎം സമ്മേളനം നടത്തിയിരുന്നു. അന്ന് ക്ഷേത്രത്തിലെ ഭാഗവതപാരായണത്തിന് ഉപയോഗിച്ച ഉച്ചഭാഷണി പാര്‍ട്ടിക്കാര്‍ ഇടപെട്ട് നിര്‍ത്തിച്ചതിനെതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി.
ഇതൊക്കെയാണ് ഉത്സവത്തിന് ഗാനമേള നടത്തിയാല്‍ സംഘര്‍ഷസാധ്യതയായി ശൂരനാട് പോലീസ് വിലയിരുത്തിയത്. ഉത്സവത്തിന് ഗാനമേള നടത്തിയാല്‍ പോലീസ് തടയുമെന്ന പ്രചാരണം വ്യാപിച്ചതോടെ പ്രതിഷേധവും ശക്തമായി. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് അധികാരികള്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. അതേ തുടര്‍ന്നാണത്രേ തത്കാലം ഗാനമേളയുടെ കാര്യത്തില്‍ പിടിവാശി വേണ്ടന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ശൂരനാട് പോലീസിന് നിര്‍ദേശം നല്‍കിയതെന്ന് അറിയുന്നു.
















