തിരുവനന്തപുരം: ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ കടക്കെണിയില്‍ മുക്കിക്കൊല്ലുകയാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേന്ദ്രബിന്ദുവാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷനും അനുബന്ധ പ്രദേശങ്ങളും. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തിന് വികസന മുരടിപ്പ് മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന് യാതൊരുതരത്തിലുള്ള പുരോഗതിയും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഭരിക്കുന്ന ഇടതുപക്ഷസര്‍ക്കാരും തിരുവനന്തപുരം നഗരസഭയുമാണ് ഇതിന് ഉത്തരവാദികള്‍. ജനപ്രിയനും ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ സാധിച്ചയാളുമാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ സുരേഷെന്നും അദ്ദേഹം പറഞ്ഞു.
വികസനം എന്ന മുദ്രാവാക്യമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറഞ്ഞു. തിരുവനന്തപുരത്തെ നാലു വര്‍ഷംകൊണ്ട് മാലിന്യക്കൂമ്പാരമാക്കിയ തിരുവനന്തപുരം നഗരസഭയുടെ തലപ്പത്തിരിക്കുന്ന മേയര്‍, ആ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനങ്ങളുടെ മുന്നിലിറങ്ങണമെന്നും അതിനു തയാറുണ്ടോയെന്നും സുരേഷ് ചോദിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മേലത്തുമേലെ പ്രേംകുമാര്‍, ഷാജഹാന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പിടിപി മധു, നെട്ടയം രതീഷ്, ജില്ലാ വൈസ്‌പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലം അധ്യക്ഷനും തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















