ഹനുമാന്‍ജനകോ വ്യാസോ വസിഷ്ഠശ്ച ശുകോ ബലിഃ
ദധീചിവിശ്വകര്‍മാണൗ പൃഥുവാല്മീകി ഭാര്‍ഗവഃ
പരോപകാരത്തിന്റെയും ത്യാഗത്തിന്റേയും അദ്വിതീയ രൂപമാണ് അഥര്‍വ മഹര്‍ഷിയുടെ പുത്രനായ ദധീചിമഹര്‍ഷി. അദ്ദേഹത്തിന്റെ തപഃശ്ശക്തിയാല്‍ ദേവേന്ദ്രന് തന്റെ ഇന്ദ്രപട്ടം നഷ്ടമാകുമോ എന്ന ഭയം തോന്നി. അതിനാല്‍ ദേവേന്ദ്രന്‍ അദ്ദേഹത്തിന്റെ തപസ്സിന് ഭംഗം വരുത്തുവാനായി പല വഴികളും നോക്കിയെങ്കിലും പരാജിതനായി മടങ്ങി. അതേ ദേവേന്ദ്രന്‍ വൃത്രാസുരനെ പരാജയപ്പെടുത്തുവാനായി ദധീചി മഹര്‍ഷിയെ ശരണം പ്രാപിച്ചു കൊണ്ട് പറഞ്ഞു’ ഞങ്ങള്‍ വലിയ ആപത്തില്‍ അകപ്പെട്ടു. അങ്ങയുടെ അടുത്തൊരു യാചനയുമായി എത്തിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് അങ്ങയുടെ നട്ടെല്ല് ആവശ്യമായി വന്നിരിക്കുന്നു’. ഉദാരമതിയായ മഹര്‍ഷിയാകട്ടെ ദേവേന്ദ്രന്റെ എല്ലാ തെറ്റുകളും മറന്ന് ലോകശാന്തിക്കായി യോഗവിദ്യ വഴി സ്വശരീരം വെടിഞ്ഞു. അങ്ങനെ ദേവേന്ദ്രന്‍ ദധീചി മഹര്‍ഷിയുടെ നട്ടെല്ലു കൊണ്ട്് നിര്‍മിച്ച വജ്രായുധത്താല്‍ വൃത്രാസുരനെ വധിച്ചു.
ഉപനിഷത്തുക്കളില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ള മനുവിദ്യ ദധീചി മഹര്‍ഷിക്ക് പ്രാപ്തമായിരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ആ വിദ്യ മറ്റാര്‍ക്കെങ്കിലും കൈമാറിയാല്‍ അദ്ദേഹത്തിന്റെ ശിരസ്സ് നഷ്ടപ്പെടുമെന്നൊരു ശാപവും ലഭിച്ചിരുന്നു. അതുമൂലം അശ്വനീദേവകള്‍ അദ്ദേഹത്തിന് കുതിരയുടെ ശിരസ്സ് വെച്ചു കൊടുത്ത ശേഷം ആ വിദ്യ നേടുകയും അതിനു ശേഷം ആ അശ്വശിരസ്സ് വീണു പോയപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ശിരസ്സ് വീണ്ടും നല്‍കുകയും ചെയ്തു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















