ആലപ്പുഴ: കശ്മീര്‍ വിഷയവുമായി പാക്കിസ്ഥാന്‍ ലോകം ചുറ്റുമ്പോള്‍ ലോകം മുഴുവന്‍ ഭാരതത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ജനജാഗ്രത അഭിയാന്‍ ദേശീയ ഐക്യ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 370-ാം അനുഛേദം എടുത്തുകളഞ്ഞതിലൂടെ കശ്മീരിന് മൗലികാവകാശം നേടിക്കൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
70 വര്‍ഷങ്ങള്‍ മുന്‍പ് ജവഹര്‍ലാല്‍ നെഹ്‌റു ചെയ്ത വലിയ തെറ്റ് ഒറ്റ നടപടിയിലൂടെ കേന്ദ്രം തിരുത്തി. കശ്മീരിലെ ജനതയ്‌ക്ക് ദേശീയപതാക ഉയര്‍ത്തുവാനുള്ള സ്വാതന്ത്ര്യം നേടിക്കൊടുത്തത് മോദിയാണ്. കശ്മീരിന് വേണ്ടി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ നല്‍കിയത് വെറുതെയായില്ല. മുന്‍കാലങ്ങളില്‍നിന്ന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഇനിമുതല്‍ കശ്മീരിന്റേയും ലഡാക്കിന്റെയും വികസനത്തിനായി വിനിയോഗിക്കും. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലീം സഹോദരിമാരേയും 370-ാം വകുപ്പ് എടുത്തു കളഞ്ഞതിലൂടെ കശ്മീരിനെയും രക്ഷിക്കാന്‍ കഴിഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം എന്നു തുടങ്ങുമെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അയോധ്യയുടെ മണ്ണില്‍ രാമക്ഷേത്രം ഉടന്‍ ഉയരുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ബി. ബാലാനന്ദ്, സി. മധുസൂദനന്‍, എസ്. ദിലീപ് കുമാര്‍, സി.എ. പുരുഷോത്തമന്‍, പി.കെ. വാസുദേവന്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, ഡി. അശ്വിനീ ദേവ്, കെ.ജി. കര്‍ത്താ, ഭുവനേശ്വരന്‍, ജയദേവന്‍, ശ്യാമള കൃഷ്ണകുമാര്‍, സുമി ഷിബു, എം.വി. രാമചന്ദ്രന്‍, എം.വി, ഗോപകുമാര്‍, പി.കെ. ഇന്ദുചൂഡന്‍ എന്നിവര്‍ പങ്കെടുത്തു.
















