കാസര്‍കോട്: ദിവസങ്ങളോളം അലയടിച്ച പ്രാദേശിക വാദങ്ങളെ തള്ളി ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി എം.സി. ഖമറുദ്ദീനെ പ്രഖ്യാപിച്ചതോടെ മഞ്ചേശ്വരത്ത് മുസ്ലീംലീഗില്‍ പൊട്ടിത്തെറി. സംസ്ഥാന നേതൃത്വം അടിച്ചേല്‍പിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് മഞ്ചേശ്വരത്തെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും. ഇന്നലെ വൈകിട്ട് മലപ്പുറത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ ഖമറുദ്ദീനെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ ഉപ്പള ലീഗ് ഓഫീസില്‍ ചേര്‍ന്ന മുസ്ലീംലീഗ് മണ്ഡലം കമ്മറ്റി യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടക്കുന്ന അവസ്ഥയായിരുന്നു.
യോഗത്തില്‍ പ്രവര്‍ത്തകരുടെ കടുത്തവിമര്‍ശനം നേരിട്ട മഞ്ചേശ്വരം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ രാജിസന്നദ്ധത അറിയിച്ചു. നേതൃത്വത്തെ പ്രാദേശിക വികാരം അറിയിക്കുന്നതില്‍ പരാജയപ്പെട്ട നേതൃത്വത്തിന്റെ കഴിവുക്കേടില്‍ പ്രതിഷേധിച്ച് മണ്ഡലം സെക്രട്ടറി ആരിഫ് രാജിവെച്ചു. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തു. ഒരു ഘട്ടത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലം ഭാരവാഹിയെ മത്സരിപ്പിക്കണമെന്ന് പ്രവര്‍ത്തകരില്‍ നിന്നും നിര്‍ദേശം ഉയര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കില്ലെന്ന നിലപാടാണ് മറ്റൊരു വിഭാഗം സ്വീകരിച്ചത്. മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം പരിഗണിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കരുതെന്നും കെപിഎ മജീദിനോട് ഒരു വിഭാഗം ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ നിന്നുള്ള ആള്‍ സ്ഥാനാര്‍ഥിയായി വന്നില്ലെങ്കില്‍ മഞ്ചേശ്വരം മണ്ഡലം കമ്മറ്റി പൂര്‍ണമായും രാജിവെക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഒടുവില്‍ സംസ്ഥാന കമ്മറ്റിയുമായി ചര്‍ച്ച നടത്തി പ്രാദേശിക വികാരം ധരിപ്പിക്കുമെന്നും ഇതിനുശേഷം മാത്രം മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ മതിയെന്നുമുള്ള ധാരണയില്‍ പ്രവര്‍ത്തകരും നേതാക്കളും പിരിയുകയായിരുന്നു.
പാണക്കാട് നിന്നുള്ള തീരുമാനത്തിന് മറുവാക്ക് ഉരിയാടാതെ അനുസരിക്കാറാണ് കഴിഞ്ഞകാലം വരെയുള്ള പതിവ്. ഇത് തെറ്റിച്ച് പരസ്യപ്രതികരണവുമായി ചില നേതാക്കള്‍ തന്നെ രംഗത്തുവന്നത് ലീഗ് നേതൃത്വത്തെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്.
















