തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ മേയര്‍ വി.കെ. പ്രശാന്ത് സ്വീകരിച്ച നടപടിയില്‍ അഴിമതിയുണ്ടെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍. ഇതിനെതിരെ ബിജെപി വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിച്ച 1257 പേരുടെ ലിസ്റ്റില്‍ നിന്നും 384 പേരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ നടപടി സ്വീകരിച്ചത്. 384 പേരുടെ പേരോ, വിലാസമോ, അവര്‍ക്ക് ലഭിച്ച ഇന്റര്‍വ്യൂ മാര്‍ക്കോ, സ്‌കില്‍ ടെസ്റ്റ് മാര്‍ക്ക് എന്നിവയോ അജണ്ടയില്‍ രേഖപ്പെടുത്തിയില്ല. ആരൊക്കെയാണ് 384 പേരെന്നും വെളിപ്പെടുത്തിയില്ല. കഴിഞ്ഞ മാസം 30ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയത്തില്‍ 32 കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടും മേയര്‍ ഏകപക്ഷീയമായി ഇത് പാസാക്കുകയായിരുന്നെന്നാണ് ബിജെപിയുടെ ആരോപണം.
സഭാചട്ടം അനുസരിച്ച് വിയോജനക്കുറിപ്പ് കൊടുത്താല്‍ അതിന്റെ വിശദീകരണം മേയര്‍ തന്ന ശേഷം മാത്രമേ അത് അംഗീകരിക്കാന്‍ പാടുള്ളൂ എന്നാണ്. എന്നാല്‍ ചട്ടങ്ങള്‍ക്കെല്ലാം വിരുദ്ധമായി, ഏകപക്ഷീയമായാണ് ഇത് അംഗീകരിച്ച് ലിസ്റ്റ് പുറത്തിറക്കിയത്. ചട്ടം അനുസരിച്ച് കൗണ്‍സില്‍ യോഗം കഴിഞ്ഞാല്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ കൗണ്‍സിലില്‍ പാസായത് എന്തൊക്കെയെന്ന് കൗണ്‍സിലര്‍മാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ ഒരു മാസത്തോളം വൈകിയാണ് അതിന്റെ മിനിട്‌സ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയത്. അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ഇത് വൈകിപ്പിച്ചതെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
കൗണ്‍സില്‍ യോഗം കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ രേഖാമൂലം പരാതി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കിയതാണ്. നഗരസഭാ സെക്രട്ടറിക്ക് കൗണ്‍സില്‍ പിരിയുന്നതിന് മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. അര്‍ഹതപ്പെട്ടവരെ മാറ്റി നിര്‍ത്തി സിപിഎമ്മിന്റെ അറിവോടെയാണ് മേയര്‍ വി.കെ. പ്രശാന്ത് ഇത്തരത്തിലുള്ള ഒരു അഴിമതിക്ക് നേതൃത്വം നല്‍കിയത്.
നിയമന അധികാരം ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി മുഖേനയാണ് വരേണ്ടതെന്നിരിക്കെ ഔദ്യോഗിക കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് വിഷയം മേയര്‍ കൗണ്‍സില്‍ ഉന്നയിച്ചത്. വിഷയം വോട്ടിനിടണമെന്ന് അന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടിട്ടും മേയര്‍ അനുവദിച്ചിരുന്നില്ലെന്നും എം.ആര്‍. ഗോപന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു. അഴിമതി നടത്തിയ മേയര്‍ വി.കെ. പ്രശാന്ത് രാജിവയ്‌ക്കണമെന്നും ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, തിരുമല അനില്‍, വി.ജി. ഗിരികുമാര്‍, എസ്. മധുസൂദനന്‍ നായര്‍, ബീനാ ആര്‍.സി. തുടങ്ങിയര്‍ എം.ആര്‍. ഗോപനൊപ്പം നിവേദനം നല്‍കാന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയിരുന്നു.
















