ആലപ്പുഴ: അരൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് വരണാധികാരി സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി.എസ്. പ്രവീണ്‍ദാസ്. സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പിന് വിവിധതലങ്ങളിലായി നാല് നിരീക്ഷണ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. രാഷ്‌ട്രീയകക്ഷി പ്രതിനിധി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍ 20 വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍പ്പട്ടിക ഈമാസം മുപ്പതിനോ ശേഷമോ പുറത്തിറക്കും. നാലാം ശനിയാഴ്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവധിയായതിനാല്‍ ഈ മാസം 28ന് നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കും മുമ്പ് പ്രത്യേക അക്കൗണ്ട് തുറക്കണം. പോളിങ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചു.
ഫ്‌ളെക്‌സ് ബോര്‍ഡ് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം എംസിസി പാലിക്കാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. അപകീര്‍ത്തികരമോ തെറ്റായതോ ഉള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയാല്‍ സ്ഥാനാര്‍ത്ഥിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ലെങ്കില്‍ പോലും സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കുറ്റം ചുമത്തുക.
നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ്, ഐടി കോ-ഓര്‍ഡിനേറ്റര്‍ വേലായുധന്‍ പിള്ള, ചേര്‍ത്തല തഹസില്‍ദാര്‍ ഇആര്‍ഒ റോയ് തോമസ് എന്നിവരും പങ്കെടുത്തു.
















