ചെറുതുരുത്തി: നാടന്‍ പാട്ടിന്റെ ഈരടികള്‍ മുഴങ്ങിയിരുന്ന പാടശേഖരങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് ഹിന്ദി പാട്ടിന്റെ ഈണങ്ങള്‍. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ വിത്തിറക്കാതിരുന്ന ഈ മേഖല അന്യസംസ്ഥാന തൊഴിലാളികളുടെ വരവോടെ വീണ്ടും സജീവമായി.
ഒരു കാലത്ത് വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നു ഇരുപ്പൂ കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളില്‍ ജല ദൗര്‍ലഭ്യത്താല്‍ പുഞ്ച അരങ്ങൊഴിഞ്ഞു. ഇപ്പോഴുള്ളത് വിരിപ്പും, മുണ്ടകനും മാത്രം. കാലാവസ്ഥാ വ്യതിയാനത്തിലും, ഉല്പാദന ചിലവിലും കൃഷിപ്പണി നഷ്ടത്തിലായ കര്‍ഷകര്‍ ഇപ്പോള്‍ മുണ്ടകന്‍ മാത്രമാണ് കൃഷി ചെയ്യുന്നത്. അതിനും ജോലിക്കാരെ കിട്ടാതായി. അന്യസംസ്ഥാന തൊഴിലാളികളുടെ വരവോടെ വീണ്ടും ഇരുപ്പൂ കൃഷിയിറക്കാന്‍ തയാറാകുന്നത് ശുഭസൂചകമാണ്. പണ്ട് മലയാളവും അത്യാവശ്യത്തിന് തമിഴും മാത്രം സംസാരിച്ചിരുന്ന നാട്ടിന്‍പുറത്തുകാരായ ജനങ്ങള്‍ ഇപ്പോള്‍ ഹിന്ദിയും പഠിച്ചു തുടങ്ങി.
കരാറടിസ്ഥാനത്തില്‍ രാവിലെ ഏഴു മണിയോടെ പാടശേഖരങ്ങളില്‍ സംഘങ്ങളായെത്തുന്ന തൊഴിലാളികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ ജോലികള്‍ തീര്‍ത്ത് തിരിച്ചുപോകുന്നു. പല സ്ഥലങ്ങളിലും ട്രാവലറുകളിലാണ് ഇവര്‍ വരുന്നതും, പോകുന്നതും. മൊബൈലില്‍ നിന്ന് പാട്ടും ആസ്വദിച്ച്, നിമിഷങ്ങള്‍ കൊണ്ടാണ് ഇവര്‍ ഓരോ പാടങ്ങളും നട്ടുതീര്‍ക്കുന്നത്. യന്ത്രങ്ങള്‍ ഉപയോഗിച്ചു നടുന്നതിനേക്കാള്‍ വേഗത്തിലാണ് ഇവരുടെ നടീലെന്ന് ഉടമസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
കേട്ടുമറന്ന പഴഞ്ചൊല്ല് ഇതോടെ യാഥാര്‍ഥ്യമായിരിക്കുന്നു, മടിയന്‍ മലയാളിക്ക് മറുനാടന്‍ തൊഴിലാളി.
















