ഹനുമാന്‍ജനകോ വ്യാസോ വസിഷ്ഠശ്ച ശുകോ ബലിഃ
ദധീചിവിശ്വകര്‍മാണൗ പൃഥുവാല്മീകി ഭാര്‍ഗവഃ
മിഥിലാധിപനായ ജനകന്‍ വിദേഹനെന്ന പേരിലും പ്രസിദ്ധനാണ്. ബ്രഹ്മജ്ഞനായ അദ്ദേഹം ഒരു രാജര്‍ഷികൂടിയായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് ആത്മജ്ഞാന സമ്പാദനത്തിനായി ശ്രേഷ്ഠരായ യോഗികളും തപസ്വികളും പോലും എത്തുമായിരുന്നു. ജനകമഹാരാജാവിന്റെ പുത്രിയായതിനാലാണ് സീതാദേവിക്ക് ജാനകി എന്ന പേര് സിദ്ധിച്ചത്. അദ്ദേഹം സ്വശരീരം ഉപേക്ഷിച്ച് ബ്രഹ്മലോകത്തേക്ക് പോകുന്നതിനിടയില്‍ യമലോകം കണ്ടു. തന്റെ സകല പുണ്യവും അവിടയുള്ള ദുഃഖിതരായ ജീവികള്‍ക്ക് നല്‍കി അവരെ ഉദ്ധരിച്ചു. ഈ ലോകത്തില്‍ ജീവിച്ചിട്ടും നിരാസക്തനായി മാത്രം കഴിഞ്ഞ അദ്ദേഹം ലാളിത്യത്തിന്റെ മകുടോദാഹരണമാണ്. ദേഹാസക്തി ഒട്ടും തന്നെ ഇല്ലാതിരുന്നതിനാലാണ് അദ്ദേഹം വിദേഹനെന്ന പേരില്‍ അറിയപ്പെട്ടത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന് )
















