ചെറുപുഴ: കെ.കരുണാകരന്റെ പേരിലുളള ട്രസ്റ്റിന് വേണ്ടി കെട്ടിടം നിര്‍മ്മിച്ച വകയിലുളള കരാര്‍ തുക നല്‍കാത്തതിനെ തുടര്‍ന്ന് ചെറുപുഴയിലെ കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. മുന്‍ കെപിസിസി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് , മുസ്ലിം ലീഗ് നേതാവ് ടി.വി. അബ്ദുല്‍ സലീം എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്.
മൂവരും ഇപ്പോള്‍ കെ കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ റിമാന്റിലാണ്. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവിൽ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് ജെയിംസ് പന്തമാക്കൽ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. കുഞ്ഞികൃഷ്ണൻ നായർ ചെയർമാനായി പെരിങ്ങോമിൽ രൂപീകരിച്ച ട്രസ്റ്റ്, പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച പണം കാസർകോട് ഇതേ പേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്.
സംഭവത്തിൽ ചെയർമാനടക്കമുള്ള അഞ്ച് ട്രസ്റ്റ് അംഗങ്ങൾക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ കേസിലാണ് കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി.വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സി.ഡി സ്കറിയ എന്നിവരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
















