തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായുള്ള ചരടുവലി അണിയറയില്‍ ആരംഭിച്ചു. തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്തിന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. പ്രശാന്തിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റി അടുത്ത തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം സീറ്റ് ഉറപ്പിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
കഴക്കൂട്ടം മണ്ഡലത്തിലെ താമസക്കാരനായ മേയര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം വാര്‍ഡിനെയാണ് ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ മേയര്‍ ഇപ്പോള്‍ തന്നെ സജീവമാണ്. 2021ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ കണ്ണുംനട്ടാണ് പ്രശാന്ത് മണ്ഡലത്തില്‍ സജീവമായത്. ഇത് മേയറോട് അടുപ്പമുള്ളവര്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
തന്റെ സീറ്റിന് സ്ഥാനചലനമുണ്ടാകുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വി.കെ. പ്രശാന്തിന്റെ പേര് വട്ടിയൂര്‍ക്കാവിലേക്ക് ആദ്യമേ നിര്‍ദേശിച്ചത്. വി.കെ. പ്രശാന്തിനൊപ്പംതന്നെ സിപിഎം പരിഗണിക്കുന്ന മറ്റൊരു പേര് കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വിജയകുമാറിന്റേതാണ്.
നിലവിലെ സാഹചര്യത്തില്‍ വി.കെ. പ്രശാന്ത് മത്സരിക്കണമെന്നാണ് പാര്‍ട്ടിക്കകത്തെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ മറുവിഭാഗം ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇതാണ് സംസ്ഥാന നേതാക്കള്‍ക്ക് തലവേദനയാകുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും നാളെ ജില്ലയില്‍ ചേരും. ഉച്ചയ്‌ക്ക് 3 ന് എല്‍ഡിഎഫ് സംസ്ഥാന സമിതി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം, മണ്ഡലം പിടിക്കാന്‍ കടുത്ത പരിശ്രമമാണ് നടത്തുന്നത്. എന്നാല്‍ പാര്‍ട്ടിയ്‌ക്കകത്തെ ഗ്രൂപ്പ് പോരുകളും കുതികാല്‍വെട്ടും തിരിച്ചടിയാകുമോയെന്നു നേതാക്കള്‍ ഭയക്കുന്നുണ്ട്.
















