പത്തനംതിട്ട: കുമ്പനാട്ട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഇരവിപേരൂര്‍ സ്വദേശികളായ തറവേലില്‍ ശശി പണിക്കരുടെ മകന്‍ അനൂപ് (25), വാക്കേമണ്ണില്‍ ബെന്‍ ഉമ്മന്‍ (30), മംഗലശേരില്‍ ജോബി (38), കോയിപ്പുറത്ത്പറമ്പില്‍ അനില്‍ (40)എന്നിവരാണ് മരിച്ചത്. തിരുവല്ല-കുമ്പഴറോഡില്‍ കുമ്പനാട് പെട്രോള്‍ പമ്പിന് സമീപം കല്ലുമാലിപ്പടിയിലാണ് അപകടം.
ഞായറാഴ്ച രാത്രി ഒന്‍പതോടെ ആയിരുന്നു സംഭവം. കെഎല്‍ 07 എഇസഡ് 6886 എന്ന നമ്പറിലുള്ള ഷെവര്‍ലെ കാറാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മൂന്നപേര്‍ സംഭവസ്ഥലത്തും അനില്‍ ജോര്‍ജ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലുമാണ് മരിച്ചത്. അഗ്നിശമനസേനയും പോലീസുമെത്തിനാട്ടുകാരുടെ സഹായത്തോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തില്‍പ്പെട്ട കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പിലെ അഗ്‌നിശമന ഉപകരണം പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഉപകരണം പൊട്ടിത്തെറിച്ച് നാരങ്ങാനം സ്വദേശിയായ അരുണ്‍കുമാര്‍ എന്ന യുവാവിന് മുഖത്ത് പൊള്ളലേറ്റു. ഇയാള്‍ പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സ തേടി. കാറില്‍ ഉണ്ടായിരുന്ന അനീഷിനെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അനില്‍ ജോര്‍ജിന്റെ മൃതദേഹം പുഷ്പഗിരിയിലും ബാക്കിയുള്ളവരുടേത് കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവര്‍ സി.എല്‍ ബിജുവിനും അപകടത്തില്‍ പരിക്കേറ്റു. ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















