ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ഫോണ്‍ നമ്പറുകളിലെ അക്കങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). നിലവില്‍ 10 അക്കങ്ങളുള്ള മൊബൈല്‍ നമ്പറുകള്‍, ട്രായിയുടെ നിര്‍ദേശമനുസരിച്ചുള്ള മാറ്റം വന്നാല്‍ പതിനൊന്നാകും. ടെലിഫോണ്‍ കണക്ഷനുകളുടെ വര്‍ധനവാണ് നീക്കത്തിന് പിന്നില്‍. 2050-ഓടെ 260 കോടിയിലധികം മൊബൈല്‍ നമ്പറുകള്‍ വേണ്ടി വന്നേക്കും. ഇതിന് നമ്പറുകളുടെ ലഭ്യത വര്‍ധിപ്പിക്കണം. ഇപ്പോഴത്തെ പത്തക്ക സംവിധാനം തുടര്‍ന്നാല്‍ ഇത് അസാധ്യമാകുമെന്നാണ് ട്രായി ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റ് ഡാറ്റയുടെ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്പറുകള്‍ 13 അക്കമാക്കാനും പദ്ധതിയുണ്ട്.
ഇതിന് മുമ്പ് 1993ലും 2003ലുമായി രണ്ട് തവണ ഇന്ത്യയില്‍ മൊബൈല്‍ നമ്പറുകളില്‍ മാറ്റം വന്നിരുന്നു. 2003ലെ മാറ്റം 750 ദശലക്ഷം ഫോണ്‍ കണക്ഷനുകള്‍ക്ക് ഇടം നല്‍കിയിരുന്നു. ഇതില്‍ 450 ദശലക്ഷം സെല്ലുലാറും 300 ദശലക്ഷം ലാന്‍ഡ്‌ലൈനുകളുമായിരുന്നു.
















