അരൂര്‍: രാജഭരണ സ്മാരകമായ അരൂര്‍ എരിയകുളത്തില്‍ മാലിന്യ നിക്ഷേപം. അരൂര്‍ പഞ്ചായത്തിനു സമീപത്താണ് കുളം നിലനില്‍ക്കുന്നത്. പ്രദേശത്തെയും ലക്ഷംവീട് കോളനിയിലേയും വെള്ളക്കെട്ടിന് താങ്ങായി നില്‍ക്കുന്നത് ഈ കുളമാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് റോഡ്, നാട്ടുവഴി കൂടാതെ ജപ്പാന്‍ കുടിവെള്ള സംഭരണി പണിയാന്‍ 34 സെന്റ് എന്നിവയ്‌ക്കായി അധികാരികള്‍ കുളം വിട്ടുകൊടുത്തു. ബാക്കിയുള്ള 50 സെന്റില്‍ 24 സെന്റിലാണ് പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്.
ഇതേത്തുടര്‍ന്ന് ജനകീയ പ്രതിരോധ സമിതിയും ജനജാഗ്രതാ സമിതിയും പഞ്ചായത്ത് ഭരണസമിതിയില്‍പ്പെട്ട സിപിഐയും കുളം നികര്‍ത്തുന്നതിനെതിരെ സമരരംഗത്ത് എത്തിയിട്ടുണ്ട്. ഇവര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. ഇന്ന് ആരും ശ്രദ്ധിക്കാത്തതിനാല്‍ കുളത്തില്‍ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണ്. രാജഭരണകാലത്ത് തൊഴിലിനായി കുഴിച്ചതാണന്ന് ഒരു വാദം നിലനില്‍ക്കുമ്പോള്‍ ടിപ്പുവിന്റെ പടയോട്ട കാലത്ത് നാട്ടുരാജാക്കന്മാരുടെ സ്വര്‍ണവും പണവും കുഴിച്ചിട്ട സ്ഥലം പിന്നീട് കുഴിച്ച് എടുത്ത സ്ഥലം കുളമായി മാറിയതാണെന്നും പറയപ്പെടുന്നു. കുഴിച്ച സ്ഥലത്ത് സാധനങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും കുഴിക്കാന്‍ പറയുകയും ചെയ്തു. ഏറിയാല്‍ കുളം ആകും എന്നു പറഞ്ഞിരുന്നതാണ് എരിയകുളം ആയി തീര്‍ന്നത്.
















