ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥ കാരണം തെരുവുനായ നിയന്ത്രണ പദ്ധതികള്‍ അവതാളത്തിലായി. പദ്ധതികളെല്ലാം മൃഗസംരക്ഷണ വകുപ്പിനെ അടിച്ചേല്‍പ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചക്കാരുടെ റോളിലാണ്.
തെരുവ് നായയുടെ അക്രമമുണ്ടായാല്‍ ആദ്യം നടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ്. എന്നാല്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ ഫണ്ട് പോലും തദ്ദേശസ്ഥാപനങ്ങള്‍ അനുവദിക്കാത്ത അവസ്ഥയാണുള്ളത്.
എബിസി പദ്ധതി ആരംഭിച്ചിട്ട് അഞ്ചുവര്‍ഷമായി, എന്നാല്‍ ജില്ലയില്‍ പദ്ധതി തുടങ്ങിയത് മൂന്നുവര്‍ഷം മുന്‍പാണ്. 2012ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ വീടുകളില്‍ വളര്‍ത്തുന്ന നായകളുടെ എണ്ണം 74,000 ആണ്. തെരുവുനായ്‌ക്കള്‍ 24,000 ആണ്. ഏഴു വര്‍ഷക്കാലയളവില്‍ തെരുവുനായ്‌ക്കളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ കേവലം 5,071 നായകളില്‍ മാത്രമാണ് പ്രജനന നിയന്ത്രണം നടപ്പാക്കാന്‍ സാധിച്ചിട്ടുള്ളത്. ആദ്യകാലങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. 2017-18ല്‍ 2398, 18-19ല്‍ 1527, 19-20ല്‍ 846 തെരുവുനായകളേയും, ഇപ്പോള്‍ പദ്ധതി നടത്തിപ്പ് ചുമതലയുള്ള കുടുംബശ്രീ 1200 നായകളെയും വന്ധ്യംകരണത്തിന് വിധേയമാക്കി.
കൂടാതെ 52,962 വളര്‍ത്തുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്‌പ് നല്‍കി. ഭാരിച്ച ചെലവാണ് എബിസി പദ്ധതി നടത്തിപ്പിനുള്ളത്. പട്ടികളെ പിടിച്ച് ആശുപത്രിയിലെത്തിക്കുന്നത് ദുഷ്‌ക്കരമാണ്. പിന്നീട് ശസ്ത്രക്രിയ നടത്താന്‍ പെണ്‍ പട്ടിക്ക് കുറഞ്ഞത് അരമണിക്കൂറും ആണ്‍പട്ടിക്ക് കാല്‍ മണിക്കുറും സമയം വേണ്ടി വരും. മൂന്നുദിവസം കുറഞ്ഞത് ഇവയെ സംരക്ഷിച്ചശേഷം മാത്രമേ പിടികൂടിയ സ്ഥലത്ത് ഇവയെ തുറന്നു വിടാന്‍ സാധിക്കുകയുള്ളൂ.
ഇതിനുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ കുറവാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സഹായിച്ചാല്‍ മാത്രമെ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
















