അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രപരിസരം ചീഞ്ഞുനാറുന്നു. മാലിന്യം മറവു ചെയ്യാന്‍ തയാറാകാതെ ദേവസ്വം ബോര്‍ഡ്. ദിനംപ്രതി ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന്റെ മൗനാനുവാദത്തോടെയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ടുള്ള സദ്യയില്‍നിന്ന് മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് ക്ഷേത്ര പരിസരത്താണ്. ക്ഷേത്രത്തില്‍ നേരത്തെ ഗോശാല നിന്ന ഭാഗത്താണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതോടെ കിഴക്കേ നടവഴി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ദുര്‍ഗന്ധം ശ്വസിച്ച് ദര്‍ശനം നടത്തേണ്ട അവസ്ഥയാണ്.
ക്ഷേത്രത്തിലെ ഊട്ടുപുരകളുമായി ബന്ധപ്പെട്ട ഓടകള്‍ പൂര്‍ണമായും അടഞ്ഞതോടെ ഇതുവഴിയും മാലിന്യം നിറഞ്ഞ് ഭക്തര്‍ക്ക് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ ശൗചാലയത്തിന് സമീപമാണ് ഇത്തരത്തില്‍ ഓടകള്‍ നിറഞ്ഞ് മാലിന്യം ഒഴുകി ദുര്‍ഗന്ധം വമിച്ചു തുടങ്ങിയത്. നിലവില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സമ്മതത്തോടെ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഭക്തര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.
















