കോഴഞ്ചേരി: ഗുരുദേവ സന്ദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ മൂലൂര്‍ ഭവനം. ശ്രീനാരായണ ഗുരുദേവന്റെ മൂലൂര്‍ സന്ദര്‍ശനത്തിന് നൂറ്റിയഞ്ച് വയസ്സ്. സരസകവി മുലൂര്‍ എസ്സ്.പത്മനാഭ പണിക്കരെ കാണുന്നതിനായി 1914 സെപ്തംബര്‍ ഇരുപത്തിയൊന്നിനാണ് ഗുരുദേവന്‍ ഇലവുംതിട്ടയിലെ മൂലൂര്‍ ഭവനത്തിലെത്തിയത്.
ഗുരുദേവന്‍ ഇരുന്ന കസേരയും ഭക്ഷണം കഴിച്ച പാത്രവും ഇപ്പോഴും പവിത്രതയോടെ സൂക്ഷിച്ചിട്ടുണ്ട്. ഗുരു മുലൂരിന്റെ നിര്‍ബന്ധം മൂലം നല്‍കിയ പാദുകവും മൂലൂര്‍ ഭവനത്തില്‍ കാണാം. മുലൂരിന്റെ ഭവനത്തില്‍ അതിഥിയായി എത്തിയ ഗുരുദേവന്‍ അന്നു പറഞ്ഞ സംഭാഷണവും സ്മാരകത്തില്‍ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരുവിന്റെ സ്മൃതികള്‍ നിറഞ്ഞ മൂലൂര്‍ ഭവനത്തില്‍ നിന്നാണ് വര്‍ഷം തോറും ശിവഗിരി തീര്‍ത്ഥാടനം പോകുന്നത്. ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനവും ഇവിടെ നിന്നാണ് ആരംഭിച്ചത്.സമ്മേളന നഗരിയില്‍ സ്ഥാപിക്കുവാനുള്ള പ്രതിമയും മൂലൂര്‍ ഭവനത്തില്‍ നിന്നാണ് കൊണ്ടു പോകുന്നത്.
ഗുരുദേവന്റെ മുലൂര്‍ സന്ദര്‍ശനം കന്നിമാസം അഞ്ചിനായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഗുരു സമാധിയായതും കന്നിമാസം അഞ്ചിനായിരുന്നു എന്നതും ശ്രദ്ധേയമാണ്.
















