കൊച്ചി: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇക്കാര്യം വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തുനല്‍കി. സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യം നല്‍കണമെന്നാണ് കത്തിലെ ആവശ്യം. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ നിര്‍ണ്ണായകനീക്കം.
നാല് വികാരിമാരിയുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ പള്ളിയില്‍ കയറി വിധിനടപ്പിലാക്കുമെന്ന് അറിയിച്ചത്. വൈകിട്ട് മൂന്ന് മണിക്ക് പള്ളിപരിസരത്ത് എത്തിച്ചേരാന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് വൈദികര്‍ നിര്‍ദ്ദേശം നല്‍കി. പാലാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന്റെയും മുന്നോടിയായാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഇത്തരമൊരുനീക്കം നടത്തുന്നത്.
ഫാദര്‍ സ്‌കറിയ വട്ടക്കാട്ടില്‍, കെ പി ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മതപരമായ ചടങ്ങുകള്‍ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. സുപ്രീംകോടതി വിധി അനുസരിച്ച് ഭരണചുമതല തങ്ങള്‍ക്കാണെന്നും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
















