മുഹമ്മ: ആലപ്പുഴ-തണ്ണീര്‍മുക്കം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം. കെഎസആര്‍ടിസി അധികൃതരുടെ നിസംഗത നിലപാടാണ് ഇതിനു കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. ആലപ്പുഴ, ചേര്‍ത്തല ഡിപ്പോകളില്‍നിന്ന് ഷെഡ്യൂളുകളില്ലാതെ ആലപ്പുഴ-തണ്ണീര്‍മുക്കം റൂട്ടില്‍ ബസ് സര്‍വീസ് നടത്തുന്നത് യാത്രക്കാരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു. യാത്രക്കാര്‍ കൂടുതലുള്ള രാവിലേയും വൈകിട്ടുമാണ് യാത്രാക്ലേശം രൂക്ഷമാകുന്നത് .
തണ്ണീര്‍മുക്കത്തുനിന്ന് രാവിലെ 8.45ന് ബസ് പുറപ്പെട്ടാല്‍ അടുത്ത സര്‍വീസ് 9.45നാണ് ആലപ്പുഴയ്‌ക്ക് പുറപ്പെടുന്നത്. വൈകിട്ടും ഇതേ അവസ്ഥ തന്നെയാണുള്ളത്. വൈകിട്ട് 5.30 കഴിഞ്ഞാല്‍ തണ്ണീര്‍മുക്കത്തേയ്‌ക്ക് 6.30ന് മാത്രമേ അടുത്ത സര്‍വീസുള്ളൂ. ചില ദിവസങ്ങളില്‍ ഏഴുമണി കഴിഞ്ഞാലും ബസ് കിട്ടാത്ത അവസ്ഥയാണ്.
ഇത് വിദ്യാര്‍ത്ഥികളേയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇതോടെ സ്വകാര്യബസുകളില്‍ മണ്ണഞ്ചേരി വരെ എത്തിയശേഷം വീടുകളില്‍ എത്താന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്.
ദീര്‍ഘദൂര സര്‍വീസുകളായ തൊടുപുഴ, കട്ടപ്പന, പാല തുടങ്ങിയ സര്‍വീസുകള്‍ നിര്‍ത്തലാക്കിയതാണ് ഇത്രയും യാത്രാക്ലേശം രൂക്ഷമാക്കിയത്. അന്യഡിപ്പോകളിലെ സര്‍വീസുകളെ ആശ്രയിച്ചായിരുന്നു ഈ മേഖലയിലെ യാത്രാക്ലേശം പരിഹരിച്ചിരുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ആലപ്പുഴ ഡിപ്പോയില്‍നിന്നും ഇതുവഴി സര്‍വീസ് നടത്തുവാന്‍ അധികാരികള്‍ തയാറായിട്ടില്ല.
ഈ റൂട്ടില്‍ ഷെഡ്യൂളുകള്‍ പരിഷ്‌കരിച്ചിട്ട് നാല്‍പതു വര്‍ഷത്തിലേറെയായി. അഞ്ച് ഷെഡ്യൂളുകള്‍ മാത്രമാണ് വൈക്കത്തേയ്‌ക്ക് ആലപ്പുഴ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തുന്നത്. സിംഗിള്‍ ഡ്യൂട്ടി നിലവില്‍ വന്നതിനെ തുടര്‍ന്ന് മുഹമ്മ, തണ്ണീര്‍മുക്കം, കുമരകം തുടങ്ങിയ ഭാഗങ്ങളിലേക്ക് സര്‍വീസ് കൂടുതല്‍ തുടങ്ങിയെങ്കിലും യാത്രാ തിരക്കില്ലാത്ത സമയങ്ങളിലാണ് സര്‍വീസ് നടത്തിയതെന്ന ആക്ഷേപമുണ്ട്.
















