ന്യൂദല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. അസമിലെത്തുന്ന അമിത് ഷാ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദര്‍ശിക്കുന്നത്. അതിനാല്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി വിലയിരുത്തും.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗസ്ത് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
അതേസമയം പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംസ്ഥാനത്ത് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തുമെന്നും ഇവര്‍ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാനും കേന്ദ്രം സമയം അനുവദിച്ചിട്ടുണ്ട്.
















