ഭാരതീയര്‍ക്ക് കൃഷി ആരാധനയാണ്, ജീവിതസായൂജ്യമാണ്. മണ്ണും, മനുഷ്യനുമായുള്ള ബന്ധത്തിന്റെ സാഫല്യമാണ് കൃഷി. പ്രകൃതിയെ ഉപാസിക്കുന്ന കര്‍ഷകന്റെ ആത്മദര്‍ശനം മാതൃകാദാര്ശനികനായ ബലരാമദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിനെ മലര്‍വാടിയും, കായ്കനികളുടെയും വിളഭൂമിയും മാനവികതയുടെ പൂങ്കാവനവുമായി കര്ഷകന് മാറ്റുന്നു. മണ്ണാണ് ഈ ശരീരമെന്ന തിരിച്ചറിവിന്റെ ബോധസത്തയാണ് കൃഷിയായി പരിണമിക്കുന്നത്. പഞ്ചഭൂതങ്ങളെ ശുദ്ധമായി കാക്കാന്‍ ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവനാണ് കര്ഷകന്. ചന്ദ്രസൂര്യന്മാരുടെ അനുഗ്രഹത്തിലാണല്ലോ, പ്രകൃതി രൂപപ്പെടുന്നത്. പ്രകൃതിയെ കാക്കുവാനും, ശുദ്ധമായി സംരക്ഷിക്കാനും നിയോഗിക്കപ്പെട്ടവരാണ് കൃഷിക്കാര്‍. കര്‍ഷകന്റെ തപസ്സാണ് ഭൂമിയേയും ചരാചരങ്ങളേയും നിലനിര്‍ത്തുന്നത്.
മനുഷ്യശരീരത്തിലെ എല്ലും, പല്ലും, നഖവും, മജ്ജയും, മാംസവും തലമുടിയും എല്ലാം രൂപപ്പെടുത്തുന്നത് മണ്ണാണ്. മണ്ണ് എന്നാല്‍ കോടിക്കണക്കിന് സ്ഥൂലവും സൂക്ഷ്മവുമായ ജീവികളുടെയും 120ല്‍പരം മൂലകങ്ങളുടെയും സംഘാതമാണ്. കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് മണ്ണിന് ജീവന്‍നല്‍കി ജൈവമാക്കി നിലനിര്‍ത്തുന്നത്. ഈ ജൈവപ്രകൃതിയാണ് ചെടികളെ നിലനില്ക്കാനും വളര്‍ത്താനും സഹായിക്കുന്നത്. സൂക്ഷ്മജീവികളുടെ സഹായത്താലാണ് ആവശ്യമായ പതിനേഴ് മൂലകങ്ങളെ ചെടി വലിച്ചെടുത്ത് വളര്‍ന്ന് മനുഷ്യാഹാരമായി തീരുന്നത്. മണ്ണിനെ ചെടിയിലൂടെ മനുഷ്യനായി ബന്ധപ്പെടുത്തുന്ന കണ്ണിയാണ് കര്ഷകന്.
ഭാരതത്തിന്റെ കൃഷി ഉപാസനയാണ്. ജീവിതത്തിന്റെ ഭാഗമാണ്. മണ്ണിനെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന വിശുദ്ധജീവി പശുവാണ്. ജനകമഹാരാജാവ് വിവാഹസമ്മാനമായി ശ്രീരാമന് നല്‍കിയത് ആയിരം പശുക്കളെയായിരുന്നു. ശ്രീകൃഷ്ണനും, ബലരാമനും, ഗോ-ആധാരിത, കൃഷി-ആധാരിത സമ്പദ്വ്യവസ്ഥയുടെ വക്താവും, പ്രയോക്താവുമായിരുന്നു. വൃന്ദാവനത്തിലെ ഹലായുധനായ ബലരാമദേവനെ കൃഷിയുടെ രക്ഷകനും, ദാര്‍ശനികനുമായി കണക്കാക്കുന്നു. യമുനാനദിയെ തന്റെ ഹലായുധംകൊണ്ട് വഴിതിരിച്ചുവിട്ടത് ബലരാമനായിരുന്നു. കൃഷിയുടെ മാതൃകയായിരുന്നു വൃന്ദാവനവും, ഗോകുലവും.
ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠവും, ഉത്തമവുമായ കാര്‍ഷികഭൂമിയാണ് ഭാരതത്തിനുള്ളത്. ലോകത്തിനാവശ്യമായ ആഹാരം നല്കാന് കഴിയുന്ന രാഷ്ട്രമാണ് ഭാരതം. ഭാരതത്തിന്റെ ആത്മീയശക്തികൊണ്ടും, കാര്‍ഷികവൃത്തികൊണ്ടും നമുക്ക് ലോകത്തെതന്നെ നിയന്ത്രിക്കാനാകും. അന്നം തരുന്ന കര്‍ഷകനെ ആദരിക്കാനും, പൂജിക്കാനും പഠിപ്പിക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ കിസാന്‍ സംഘ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് കര്‍ഷകര്‍ ആശാകേന്ദ്രമാണ്. കൃഷിയെ ആധാരമാക്കിയ സമ്പദ്വ്യവസ്ഥ നമുക്ക് പുനഃസ്ഥാപിക്കണം. മുടക്കുമുതലും വിപണനച്ചെലവും പരിസ്ഥിതി സംരക്ഷണ മൂല്യവും കണക്കാക്കി കാര്‍ഷിക ഉല്‍പ്പന്നത്തിന് വിലനിശ്ചയിക്കണം. ജനത്തെ കാക്കുന്ന കര്ഷകന് വേദനിക്കുന്നത് നാടിന് തീരാശാപമാണ്. വ്യവസായ ഉത്പന്നത്തിന് സ്വയംവില നിശ്ചയാവകാശം ലഭ്യമാണ്. കാര്ഷികവസ്തുക്കള്ക്കും, സ്വയംവിലനിര്ണ്ണയാവകാശം ലഭിക്കാന്‍ സമൂഹം തയ്യാറാവണം. പരിസ്ഥിതി സന്തുലനത്തിനാവശ്യമായതും മനുഷ്യശരീരത്തിന് ഹാനികരമല്ലാത്തതുമായ കാര്ഷികസമീപനം കൃഷിയില്‍ അവലംബിക്കണം. രാസകളനാശിനിയും, രാസകുമിള്‍-കീടനാശിനികളും രാസവളത്തിന്റെ അമിത ഉപഭോഗവും നിയന്ത്രിച്ച് ജൈവകൃഷിയിലേക്ക് ഭാരതം ചുവടുമാറ്റേണ്ടതായിട്ടുണ്ട്. അതിനായി കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. സംയോജിത കൃഷിരീതിയെ ഭാരതീയ കാഴ്ചപ്പാടിലേക്ക് കര്‍ഷകര്‍ മാറേണ്ടിയിരിക്കുന്നു. ഹരിതവിപ്ലവത്തിന്റെ ഫലമായി മാറ്റം വന്നുപോയ മണ്ണിനെയും കര്ഷകമനസ്സിനെയും വീണ്ടെടുക്കാനാണ് ഭാരതീയ കിസാന്‍ സംഘ് യത്നിക്കുന്നത്.
മനുഷ്യന് ആരോഗ്യവും ആഹാരവും ശുദ്ധജലവും ശുദ്ധവായുവും സംഭാവന ചെയ്യുന്ന കര്‍ഷകന്റെ ആരാധ്യദേവനെ അനുസ്മരിച്ച് പൂജിക്കുന്ന ദിനമാണ് ഫലഷഷ്ഠി. ഭാദ്രപദമാസ ശുക്ലപക്ഷഷഷ്ഠിയില് കര്‍ഷകന്റെ ദിനമായി ആചരിക്കപ്പെടുന്നു. ആദര്‍ശപുരുഷനായ ബലരാമദേവനെ പൂജിച്ച് സായൂജ്യമടഞ്ഞ് കാര്ഷികനന്മയെ കൂടുതല്‍ കരുത്തായി കാക്കുന്നു. വിളവിറക്കുമ്പോഴും വിളവെടുക്കുമ്പോഴും പുത്തരിയുണ്ണുമ്പോഴും പ്രാര്‍ത്ഥനാനിരതരാകുന്ന കര്‍ഷകന്റെ ജീവിതം സമാനതകളില്ലാത്ത സമര്‍പ്പണമാണ്.
താന്‍ പിച്ചവെച്ചുനടന്ന, തന്നെ താനാക്കി മാറ്റിയ മണ്ണിനെ പൊന്നുപോലെ കാക്കാനും, നിതാന്തജാഗ്രതയോടെ പരിപാലിക്കാനും, കര്‍ഷകനെ പ്രാപ്തനാക്കുന്ന സംഘടനാവീക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഭാരതദേശീയതയുടെ കാവലാളാണ് കര്ഷകന്. നമ്മുടെ ഭാഷയും, വേഷവും, ശൈലിയും, കലകളും, സാഹിത്യവും, രൂപപ്പെടുത്തിയത് കര്‍ഷകരാണ്. ഗ്രാമങ്ങള്‍ നെയ്തെടുത്ത് സത്യവും സ്നേഹവും ദയയും ദാനവും ധര്‍മ്മവും സമൂഹത്തിന് പകര്‍ന്നത് കര്‍ഷകരാണ്. ആരോടും പരിഭവമില്ലാതെ, പ്രത്യുപകാരപ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്യുന്ന പ്രകൃതിമാതാവിനെപ്പോലെ കര്ഷകമനസ്സ് വിശാലവും ദീപ്തവുമാണ്. ഈ നേരറിവിലേയ്ക്ക് സമാജത്തെ ചിന്തിപ്പിക്കാന്‍ ഭാരതീയ കിസാന്‍ സംഘിന് ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ചയായ ആ യാത്രയില്‍ മുഴുവന്‍ കര്‍ഷകരേയും അണിനിരത്തേണ്ടതായിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ശാസ്ത്രി ഉയര്‍ത്തിയ ജയ് കിസാന്‍ എന്ന സന്ദേശം ഏറ്റുവാങ്ങിയ കര്ഷകമനസ്സ് ശക്തമായി തീരണം. സമഗ്രമായ ഭാരതവികാസത്തിന്റെ നെടുംതൂണുകളായ കര്‍ഷകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ദേശവും ദേശീയതയും ശക്തി പ്രാപിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: