ന്യൂദല്‍ഹി: സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് മുതല്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. കഴിഞ്ഞ വര്‍ഷം ക്‌ളോസ് ചെയ്ത അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയാണ് കൈമാറുകഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് വിവരങ്ങള്‍ കൈമാറുക. ഓഗസ്‌ററ് 29,30 തിയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടക്കാഴ്ചയിലാണ് ഇടപാടുകാരുടെ വിവരം വേഗത്തില്‍ നല്‍കാന്‍ തീരുമാനമായത്. നേരത്തെ സെപ്റ്റംബര്‍ 30 നകം നല്‍കുമെന്നാണ് തീരുമാനിച്ചത്.
കഴിഞ്ഞമാസം സ്വിസ് പ്രതിനിധി സംഘം അവസാനവട്ട ചര്‍ച്ചകള്‍ക്കായി ഇന്ത്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചര്‍ച്ചയിലാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നല്‍കാന്‍ തീരുമാനമായത്. നിക്കോളോ മരിയോ ലസ്ചര്‍ ആണ് ചര്‍ച്ചയില്‍ സ്വിസ് പ്രതിനിധി സംഘത്തെ നയിച്ചത്. സിബിഡിടി ചെയര്‍മാന്‍ പിസി മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
റവന്യൂ സെക്രട്ടറി എ.ബി പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ കരാര്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു. ഇതോടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യ സ്വഭാവം നഷ്ടമായി. സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങളും തുകയും അടക്കം ഇനി നികുതി വകുപ്പിന് ലഭിക്കും. കള്ളപ്പണത്തിനെതിരെയുള്ള നിര്‍ണായക ചുവടുവയ്‌പ്പാണിതെന്ന് ദേശീയ പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സ്വിസ് ഏജന്‍സികളുടെ കണക്കനുസരിച്ച് ഈ വര്‍ഷം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്ന 75മത്തെ രാജ്യമാണ് ഇന്ത്യ. 2018ന്റെ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികളുമായി കൈമാറുന്നതിനു വേണ്ട നടപടികള്‍ ആരംഭിച്ചിരുന്നു.
















