ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാഖാനെ തള്ളി പാക് വിദേശ കാര്യ മന്ത്രി എസ്.എം ഖുറേഷി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനം തിരുത്തുന്നതുവരെ ഇന്ത്യയുമായുള്ള ചര്‍ച്ച ഇമ്രാന്‍ ഖാന്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് പാക് വിദേശകാര്യ മന്ത്രി എസ് എം ഖുറേഷി ഇമ്രാഖാനെ തള്ളി നയത്തില്‍ അയവു വരുത്തി മുന്നോട്ട് വന്നിരിക്കുന്നു. ജമ്മു കശ്മീര്‍ നേതാക്കളെ വിട്ടയക്കുകയും അവരുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുകയും ചെയ്താല്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ ഒരഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞത്. ഭീകരതയില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകള്‍ സാധ്യമാകൂ എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയുമായി സംഭാഷണം നടത്തില്ലെന്ന് പാകിസ്ഥാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നിരുന്നാലും, സംഭാഷണത്തിന്റെ അന്തരീക്ഷം ഇന്ത്യ സൃഷ്ടിക്കുന്നത് നമുക്ക് കാണാന്‍ കഴിയുന്നില്ല. താഴ്വരയിലെ നിയന്ത്രണങ്ങള്‍ നീക്കുക, തടവിലാക്കപ്പെട്ട കശ്മീരി നേതാക്കളെ വിട്ടയക്കുക, അവരെ കാണാന്‍ അനുവദിക്കുക എന്നീ കാര്യങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. കശ്മീര്‍ നിയമവിരുദ്ധമായി പിടിച്ചടക്കിയതും, കര്‍ഫ്യൂവും അവസാനിപ്പിച്ച്, സൈന്യത്തെ ബാരക്കുകളിലേക്ക് പിന്‍വലിക്കുമ്പോള്‍ മാത്രമേ സംഭാഷണം സാധ്യമാകൂ എന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
















